അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കു നേര്‍; കാശ്മീരില്‍ യുദ്ധസമാനമായ സാഹചര്യം!

ഇവിടേക്ക് കൂടുതല്‍ സേനയെ എത്തിക്കാനാണ് വിമാനത്താവളങ്ങള്‍ അടച്ചത്. യുദ്ധസമാനമായ ഒരുക്കങ്ങളാണ് അതിര്‍ത്തിയില്‍ ഇപ്പോഴുള്ളത്.

ന്യൂഡല്‍ഹി: പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് എത്തിയതിന് പിന്നാലെ കാശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടു. നാല് വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടേക്ക് കൂടുതല്‍ സേനയെ എത്തിക്കാനാണ് വിമാനത്താവളങ്ങള്‍ അടച്ചത്. യുദ്ധസമാനമായ ഒരുക്കങ്ങളാണ് അതിര്‍ത്തിയില്‍ ഇപ്പോഴുള്ളത്.

അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു. അതിര്‍ത്തിയില്‍ പാകിസ്താന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്. എയര്‍ ഫോഴ്‌സിന്റെ നീക്കങ്ങള്‍ക്ക് വേണ്ടിയാണ് വിമാനത്താവളം അടച്ചിട്ടതടക്കമുള്ള നയപരമായ ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ ഉന്നത സൈനിക മേധാവികള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഇന്ത്യയുടെ വ്യോമാതിര്‍ത്തി പാകിസ്താന്‍ കടന്നുവെന്നും ബോംബ് വര്‍ഷിച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും സൈന്യം ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ തിരിച്ചടിയ്ക്കാന്‍ എല്ലാ ഒരുക്കളും ഇന്ത്യ നടത്തിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ദ്ധ സൈനികരെ അതിര്‍ത്തിയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമായതായി സൂചനയുണ്ട്.

അതിനിടെ ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സൈന്യത്തിന്റെ മിഗ് യുദ്ധവിമാനം തകര്‍ന്നു വീണിരുന്നു. പ്രധാന പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടതായി സേനാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.

Exit mobile version