ചൈന പാകിസ്താന്റെ ഒപ്പമാണ്! അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പ് വരുത്തണം, അല്ലാത്ത പക്ഷം പാകിസ്താനെ പരാജയപ്പെടുത്താനാകില്ല; അഖിലേഷ് യാദവ്

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചും അഖിലേഷ് യാദവ് പരാമര്‍ശിച്ചു.

ലഖ്‌നൗ: അതിര്‍ത്തികളുടെ സുരക്ഷയ്ക്കായി ദീര്‍ഘകാല പദ്ധതികള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ പാകിസ്താനെ ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. ചൈന പാകിസ്താന്റെ കൂടെയാണെന്നത് മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫെബ്രുവരി 14 ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അജിത്ത് കുമാറിന്റെ കുടുംബത്തെ ഉന്നാവോയിലെത്തി അഖിലേഷ് യാദവ് കണ്ടതിന് പിന്നാലെയാണ് പ്രതികരണം.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചും അഖിലേഷ് യാദവ് പരാമര്‍ശിച്ചു. സൗദി കിരീടാവകാശി ആദ്യം സന്ദര്‍ശനം നടത്തി സഹായം വാഗ്ദാനം ചെയ്തത് പാകിസ്താനാണ്. പിന്നീട് ഇന്ത്യയിലെത്തി നരേന്ദ്ര മോഡിയെ ആലിംഗനം ചെയ്തു. പിന്നീട് ചൈനയിലേക്ക് പോയി.

അയല്‍രാജ്യങ്ങളുടെ പങ്ക് ഇന്ന് വലിയ വിഷയമാണ്. ജവാന്മാരോടുള്ള വാഗ്ദാനം ഗവണ്‍മെന്റ് പാലിക്കണമെന്നും പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ഒരുകോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Exit mobile version