ബംഗളൂരുവില്‍ മുന്നൂറിലധികം കാറുകള്‍ കത്തി നശിച്ച സംഭവം; അമിതമായി ചൂടായ കാറിന്റെ സൈലന്‍സറില്‍ നിന്ന് തീ പടര്‍ന്നത് ആകാമെന്ന് അധികൃതര്‍

സംഭവ സ്ഥലം സന്ദര്‍ശിച്ച പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനോട് വിശദീകരണം നല്‍കുകയായിരുന്നു അധികൃതര്‍

ബംഗളൂരു: എയ്‌റോ ഇന്ത്യ ഷോ കണാനെത്തിയവരുടെ കാറുകള്‍ കത്തി നശിക്കാനിടയായ സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍. അമിതമായി ചൂടായ കാര്‍ സൈലന്‍സറില്‍ നിന്ന് തീ പടര്‍ന്നത് ആകാമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്നൂറിലധികം കാറുകളാണ് അഗ്നിക്കിരയായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

സംഭവ സ്ഥലം സന്ദര്‍ശിച്ച പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനോട് വിശദീകരണം നല്‍കുകയായിരുന്നു അധികൃതര്‍. അവിടെ നിര്‍ത്തിയിട്ടിരുന്ന ഏതെങ്കിലുമൊരു വാഹനത്തിന്റെ അമിതമായി ചൂടായ സൈലന്‍സറില്‍ നിന്ന് തീ ഉണ്ടാവുകയും ശക്തമായ കാറ്റു മൂലം മറ്റു വാഹനങ്ങളിലേയ്ക്കു തീപടരുകയും ചെയ്തിരിക്കാമെന്നാണ് നിഗമനം.

പെട്ടെന്ന് തന്നെ തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയെന്നും. തീപടരാതിരിക്കാന്‍ സമീപമുള്ള എഴുപതോളം കാറുകള്‍ അവിടെ നിന്നും മാറ്റിയെന്നും മന്ത്രിയോട് പറഞ്ഞു. കേടുവന്ന കാറുകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചെന്നും അധികൃതര്‍ പറഞ്ഞു.

Exit mobile version