ആസാം വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 102 ആയി; 350ലേറെ പേര്‍ ചികിത്സയില്‍; മരണസംഖ്യ ഉയര്‍ന്നേക്കും

ഗുവാഹത്തി: ആസാമിലെ ഗൊലഘട്ടിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 102 ആയി. 350ലേറെപ്പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വിഷമദ്യദുരന്തത്തില്‍ 100 പേര്‍ മരിച്ച് രണ്ടാഴ്ച തികയും മുമ്പാണ് വീണ്ടും ഒരുദുരന്തം. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണ സംഖ്യ 30 മാത്രമായിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ് മദ്യം കഴിച്ച നിരവധി പേര്‍ കുഴഞ്ഞുവീഴുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഗൊലാഘട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പന്ത്രണ്ട് പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് രാത്രി വൈകി മൂന്ന് പേരും പതിനഞ്ച് പേര്‍ വെള്ളിയാഴ്ചയുമാണ് മരിച്ചത്. ബാക്കിയുള്ളവര്‍ ശനിയാഴ്ചയോടെ മരിച്ചു. ഗൊലാഘട്ട് ജില്ലയില്‍ നിന്ന് 59ഉം ജോര്‍ഹത് ജില്ലയില്‍ നിന്ന് 43 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 15000 ലിറ്റര്‍ മദ്യവും നശിപ്പിച്ചു.

Exit mobile version