നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് റാഫേല്‍ കരാറില്‍ പങ്കാളികളാവാന്‍ താല്‍പര്യമില്ല; എച്ച്എഎല്‍ ചെയര്‍പേഴ്സണ്‍ ആര്‍ മാധവന്‍

എച്ച്എഎല്‍ സ്വന്തമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു ബിസിനസ്സ് ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ റാഫേല്‍ കരാറില്‍ ദസ്സോയുടെ ഇന്ത്യന്‍ പങ്കാളികളാവാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് എച്ച്എഎല്‍ ചെയര്‍പേഴ്സണ്‍ ആര്‍ മാധവന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്എഎല്‍ സ്വന്തമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു ബിസിനസ്സ് ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എച്ച്എഎല്‍ വളര്‍ച്ചയിലാണെന്നും കമ്പനിയുടെ ലാഭം വര്‍ധിക്കുകയാണെന്നും സ്വകാര സ്ഥാപനങ്ങള്‍ക്ക് വേണ്ടി എച്ച്എഎല്‍ തഴയപ്പെടുകയാണെന്ന ചിന്താഗതി തെറ്റാണെന്നും അദ്ദേഹം പറഞ്ഞതായി ദി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ‘ഞങ്ങളുടെ വളര്‍ച്ച സുസ്ഥിരമായ നിലയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കഴിഞ്ഞകാലത്തെ പ്രശ്നമായിരുന്നു’- എച്ച്എഎല്‍ സാമ്പത്തിക ഡയറക്ടര്‍ അനന്ത കൃഷ്ണന്‍ പറഞ്ഞു.

നിലവില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സാണ് റഫേല്‍ കരാറില്‍ ദസ്സോയുടെ പങ്കാളി. റഫേല്‍ കരാറില്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഉള്‍പ്പെടുത്താതെ സ്വകാര്യ സ്ഥാപനമായ റിലയന്‍സിന് നല്‍കിയത് വന്‍ വിവാദമായിരുന്നു. റിലയന്‍സ് മേധാവി അനില്‍ അംബാനിയുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി റഫേല്‍ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

റഫേല്‍ കരാറില്‍ വന്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും രംഗത്തെത്തിയതോടെ കരാര്‍ വിവാദത്തിന്റെ നിഴലിലായിരുന്നു.

Exit mobile version