പൊരുതുന്നതിന് മുമ്പേ തോല്‍വി സമ്മതിക്കുന്നത് പോലെയായിരിക്കും ക്രിക്കറ്റ് മാച്ച് വേണ്ടെന്ന് വെയ്ക്കുന്നത്; വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍

ഒരു മാച്ച് വേണ്ടെന്ന് വെയ്ക്കുന്നത് ഗൗരവകരമായ മറുപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറുന്നത് പൊരുതുന്നതിന് മുമ്പേ തോല്‍വി സമ്മതിക്കുന്നത് പോലെയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ എംപി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ശശി തരൂര്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിക്കാതെ മൂന്ന് മാസത്തിനപ്പുറം നടക്കാന്‍ പോകുന്ന ക്രിക്കറ്റ് മാച്ച് വേണ്ടാതെ വയ്ക്കുകയാണോ വേണ്ടതെന്ന് തരൂര്‍ ട്വിറ്ററിലൂടെ ചോദിക്കുന്നു. ഒരു മാച്ച് വേണ്ടെന്ന് വെയ്ക്കുന്നത് ഗൗരവകരമായ മറുപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം ബിജെപി സ്വന്തം പിടിപ്പുകേട് മറച്ച് വയ്ക്കാന്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്, ഈ വര്‍ഷം മാച്ച് വേണ്ടെന്ന് തീരുമാനിച്ചാല്‍ അത് രണ്ട് പോയിന്റ് നഷ്ടമാകുന്നതിലുപരി പരിശ്രമിക്കുക പോലും ചെയ്യാതെ തോല്‍ക്കുന്നതിനു തുല്യമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

Exit mobile version