തെളിവ് ചോദിക്കല്‍ സ്ഥിരം പല്ലവി;പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രം; ഈ മറുപടിയില്‍ അതിശയമില്ല; ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ലോകം മുഴുവന്‍ എതിരെ തിരിഞ്ഞതിനു പിന്നാലെ പാകിസ്താന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. തെളിവ് ചോദിക്കുന്നത് ഒഴിവു കഴിവ് പറയലാണെന്നും പാകിസ്താന്റെ മറുപടിയില്‍ അതിശയമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ, പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്താന്‍ തയ്യാറായില്ല. മസൂദ് അസ്ഹറുള്ളത് പാകിസ്താനില്‍ തന്നെയാണ് എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നും പാകിസ്താന്റെ മറുപടിയില്‍ അതിശയമില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അതേസമയം, ആക്രമത്തിനു പിന്നില്‍ പാകിസ്താനു പങ്കില്ലെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ സ്ഥിരത കൈവരിക്കാനായി നീങ്ങുമ്പോള്‍ എന്തിനാണ് ഇത്തരമൊരു ആക്രമണം നടത്തുന്നതെന്ന ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു.

Exit mobile version