സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ അവര്‍ കൊല്ലപ്പെട്ടെന്ന് പറയരുത് പകരം രക്തസാക്ഷിയെന്നോ ശഹീദെന്നോ വിശേഷിപ്പിക്കണം; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ അവര്‍ കൊല്ലപ്പെട്ടെന്ന് പറയരുത് പകരം രക്തസാക്ഷിയെന്നോ ശഹീദെന്നോ വിശേഷിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. അടിയന്തരമായി ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. ഈ ഹര്‍ജിയില്‍ ധൃതിപിടിച്ച് വാദം കേള്‍ക്കേണ്ട കാര്യമില്ലെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് സി.ഹരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. അഭിഷേക് ചൗധരി എന്ന അഭിഭാഷകനാണ് ഹര്‍ജിയുമായി വെള്ളിയാഴ്ച കോടതിയെ സമീപിച്ചത്.

ആരുടേയും സ്വാതന്ത്ര്യം അപകടത്തിലുമല്ലെന്നും. ഇതാരുടേയും ജാമ്യാപേക്ഷയല്ലയല്ലെന്നും. അതുകൊണ്ട് ഇന്ന് പരിഗണിക്കാനാവില്ലെന്നും സാധാരണ ഹര്‍ജിയായി തിങ്കാളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യാമെന്നും കോടതി അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഭിഷേക് ചൗധരി അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

എല്ലാം നിങ്ങളോട് ഞങ്ങള്‍ പറയേണ്ടതില്ലെന്നും താങ്കളത് മനസ്സിലാക്കണമെന്നും കോടതി അഭിഭാഷകനോട് പറഞ്ഞു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ടു, മരിച്ചു എന്ന വാക്കുകള്‍ക്ക് പകരം ബഹുമാനം നല്‍കുന്ന രക്തസാക്ഷിയെന്നോ ശഹീദെന്നോ നല്‍കാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടണമെന്നാണ് ചൗധരിയുടെ ആവശ്യം.

Exit mobile version