ജോലി തെരുവില്‍ മുടി വെട്ടുന്നത്; ഒന്നിന് ഈടാക്കുന്നത് 20 രൂപ മാത്രം! പക്ഷേ കിട്ടിയത് 28,000 രൂപ, നന്മ നിറഞ്ഞ ആ കഥ ഇങ്ങനെ

ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു തെരുവില്‍, ആളുകള്‍ നടന്നുപോകുന്ന നടപ്പാതയില്‍ മേശയും കസേരയും കണ്ണാടിയുമെല്ലാം വച്ച് ഒരു സലൂണ്‍ നടത്തുന്ന യുവാവിന്റെ കഥയാണ് പറയുന്നത്.

അഹമ്മദാബാദ്; ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു തെരുവില്‍, ആളുകള്‍ നടന്നുപോകുന്ന നടപ്പാതയില്‍ മേശയും കസേരയും കണ്ണാടിയുമെല്ലാം വച്ച് ഒരു സലൂണ്‍ നടത്തുന്ന യുവാവിന്റെ കഥയാണ് പറയുന്നത്.

തെരുവിന്റെ സാധാരണ തിരക്കുകള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് നോര്‍വീജിയന്‍ യാത്രികനായ ഹരാള്‍ഡ് ബാള്‍ഡര്‍ തന്റെ ക്യാമറയുമായി സലൂണിലേക്ക് കയറിവരുന്നു. തന്റെ മുടി ട്രിം ചെയ്ത് തരുമോയെന്ന് ചോദിക്കുന്നു. ഭാഷ മനസ്സിലായില്ലെങ്കിലും മുടി വെട്ടുകയാണ് ആവശ്യമെന്ന് മനസ്സിലാക്കിയ ബാര്‍ബര്‍ ഹരാള്‍ഡിനെ കസേരയിലേക്ക് ക്ഷണിച്ചു.

ലോകത്തിന്റെ പലയിടങ്ങളിലായി സഞ്ചരിച്ച് ദൃശ്യങ്ങളിലൂടെ യാത്രാവിവരണം നടത്തുന്ന ഹരാള്‍ഡ് അവിടെയും ദൃശ്യങ്ങള്‍ പകര്‍ത്തി. ബാര്‍ബറുടെ അനുമതിയോടെയായിരുന്നു ചിത്രീകരണം.

മുടിവെട്ടിത്തീരുന്ന സമയം കൊണ്ട് ബാര്‍ബറെ പറ്റി കുറേയെല്ലാം കാര്യങ്ങള്‍ ഹരാള്‍ഡ് മനസ്സിലാക്കി. പത്തുവര്‍ഷമായി തെരുവില്‍ ഇതേ ജോലി ചെയ്യുകയാണ് അയാള്‍. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഒരാള്‍ക്ക് മുടി വെട്ടി നല്‍കുന്നതിന് വെറും 20 രൂപ മാത്രമാണ് അയാളുടെ കൂലി.

അവിചാരിതമായി എത്തിയ വിദേശ അതിഥിയുടെ മുടി അയാള്‍ സ്റ്റൈലാക്കി വെട്ടി. ശേഷം തന്റെ ഫോണില്‍ ഒരു സെല്‍ഫിയും. ഹരാള്‍ഡിന് മനസ്സ് നിറഞ്ഞു. ആദ്യം ഒരു 20 രൂപാനോട്ട് അയാള്‍ക്ക് നല്‍കി. സന്തോഷത്തോടെ അയാളത് വാങ്ങി പോക്കറ്റില്‍ വച്ചു. പിന്നീട് ഹരാള്‍ഡിനെ നോക്കി ഒരു പുഞ്ചിരിയും.

പിന്നീട് ഒന്നും ആലോചിക്കാതെ കുറച്ച് നോട്ട് കെട്ടുകള്‍ എടുത്ത് ഹരാള്‍ഡ് അദ്ദേഹത്തിന് നേരെ നീട്ടി. 28,000 രൂപ… കുടുംബത്തിന് വേണ്ടിയോ ബിസിനസ് നന്നായി കൊണ്ടു പോകാനോ ഉപയോഗിക്കൂവെന്ന് പറഞ്ഞു. ഇംഗ്ലീഷറിയാവുന്ന ഒരു വഴിയാത്രക്കാരന്‍ ഹരാള്‍ഡിന്റെ വാക്കുകള്‍ അയാള്‍ക്ക് വിവര്‍ത്തനം ചെയ്തുനല്‍കി.

മുഖത്ത് വന്ന സന്തോഷത്തിന്റെ അലയടികള്‍ മിതപ്പെടുത്തി അയാള്‍ ഹരാള്‍ഡിന് നേരെ കൈ നീട്ടി. ഷെയ്ക്ക്ഹാന്‍ഡിന് ശേഷം ഒരു ചായ കുടിക്കുന്നോയെന്ന് ചോദിച്ചു. അടുത്തുള്ള ചായക്കടയില്‍ പോയി ഹരാള്‍ഡിനും കൂടെക്കൂടിയ മറ്റൊരു വഴിയാത്രക്കാരനും ചായ വാങ്ങി നല്‍കുമ്പോള്‍ അയാളുടെ മുഖത്ത് നന്ദിയോ സ്നേഹമോ ഒക്കെ നിറഞ്ഞു.

Exit mobile version