ഗഗന്‍യാന്‍ പദ്ധതി; ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ വ്യോമസേന പരിശീലിപ്പിക്കുമെന്ന് ഐഎസ്ആര്‍ഒ

പരിശീലനത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിനിലും അവസാന ഘട്ട പരിശീലനം ഇന്ത്യയ്ക്ക് പുറത്തുമായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു

ചെന്നൈ: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന രാജ്യത്തിന്റെ ആദ്യ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലേക്കുള്ള യാത്രികരെ ഇന്ത്യന്‍ വ്യോമസേന പരിശീലിപ്പിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. പത്ത് ബഹിരാകാശ യാത്രികരെയാണ് വ്യോമസേന പരിശീലിപ്പിക്കുന്നത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനാണ് ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാനുള്ള ചുമതല വ്യോമസേനക്കായിരിക്കുമെന്ന് വ്യക്തമാക്കിയത്.

വ്യോമസേനയിലെ അംഗങ്ങള്‍ തന്നെയായിരിക്കും ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്ത് എത്തുക. പരിശീലനത്തിന്റെ രീതികളും മാനദണ്ഡങ്ങളും തയ്യാറാക്കി ഐഎസ്ആര്‍ഒ വ്യോമസേനക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിനിലും അവസാന ഘട്ട പരിശീലനം ഇന്ത്യയ്ക്ക് പുറത്തുമായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.

പത്ത് ഇന്ത്യന്‍ ബഹിരാകാശ യാത്രികരില്‍ മൂന്നു പേരെ ഐഎസ്ആര്‍ഒ ആണ് തെരഞ്ഞെടുക്കുക. റഷ്യയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളിലായിരിക്കും ഇവരുടെ അന്തിമഘട്ട പരിശീലനം നടക്കുക. മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്നതിന് മുന്‍പ് ദൗത്യത്തിന്റെ അപകടങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്നതിന് വേണ്ടി രണ്ട് മനുഷ്യരില്ലാത്ത ബഹിരാകാശ യാത്രകളും ഐഎസ്ആര്‍ഒ നടത്തും.

2020 ഡിസംബറിലാണ് ആദ്യ ആളില്ലാ ബഹിരാകാശ യാത്ര ഐഎസ്ആര്‍ഒ നടത്തുക. 2021 ജൂലൈയില്‍ നടത്തുന്ന രണ്ടാമത്തെ യാത്രയില്‍ റോബോട്ടിനേയും ഉള്‍പ്പെടുത്തും. 2021 ഡിസംബറിലാണ് മനുഷ്യനേയും വഹിച്ചുള്ള ബഹിരാകാശ യാത്ര നടക്കുകയെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.

Exit mobile version