‘നോ എന്‍ഡ്രി മോഡി’, ‘ഇനി മോഡിയെ തെരഞ്ഞെടുക്കില്ല’..! ഗുണ്ടൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരവേല്‍ക്കാന്‍ പ്രതിഷേധ ബോര്‍ഡുകള്‍; ബിജെപിക്കാര്‍ രോഷത്തില്‍

ഹൈദരാബാദ്: ഗുണ്ടൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ എത്തുന്നതിന്‍ വ്യാപക പ്രതിഷേധം. ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോഡി എത്തുന്നത്. എന്നാല്‍ മോഡിയെ വരവേല്‍ക്കുന്നത് പാതയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പടുകൂറ്റന്‍ പ്രതിഷേധ ബോര്‍ഡുകളാണ്.

മോഡിക്ക് പ്രവേശനമില്ലെന്നും, മോഡിയെ ഇനിയൊരിക്കലും തെരഞ്ഞെടുക്കില്ലെന്നും ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകളാണ് വിജയവാഡയിലും ഗുണ്ടൂരിലും പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഏറ്റെടുത്തിട്ടില്ലെങ്കിലും അഞ്ചുകോടി വരുന്ന ആന്ധ്രക്കാരുടെ പ്രതിഷേധമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് തെലുങ്കുദേശം പാര്‍ട്ടി പ്രതികരിച്ചു.

മോഡി സര്‍ക്കാരിനെതിരെ ഓരോ ആന്ധ്രക്കാരന്റെയും രക്തം തിളയ്ക്കുകയാണെന്നും ഈ പ്രതിഷേധങ്ങള്‍ ന്യായമാണെന്നും ടിഡിപി വക്താവ് ദിനകര്‍ ലങ്ക പറഞ്ഞു. അതേസമയം ബോര്‍ഡുകള്‍ സ്ഥാപിച്ചത് ടിഡിപിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രയിലെ കര്‍ഷകര്‍ക്കും മറ്റും കേന്ദ്രത്തില്‍ നിന്ന് നിരവധി അവഗണനകള്‍ കിട്ടിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലമാണ്ഇപ്പോള്‍ അലയടിക്കുന്ന ഈ പ്രതിഷേധം.

അതേസമയം നടപടിക്കെതിരെ ബിജെപി സംസ്ഥാന നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കംചെയ്യണമെന്നും ഇത് സ്ഥാപിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും പ്രതികരിച്ചു.

Exit mobile version