റാഫേല്‍ ഇടപാട്; വിശദ വിവരങ്ങള്‍ അടങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ട് സിഎജി നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കും

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കും. കൂട്ടത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യ നടത്തിയ പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുകുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും.

രാഷ്ട്രപതിക്കുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അധ്യക്ഷന്‍മാര്‍ക്ക് കൈമാറും. ഇത് പാര്‍ളമെന്റില്‍ നാളത്തന്നെ വയ്ക്കും. ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നത് സഭാ സമ്മേളനം അവസാനിക്കുന്ന ബുധനാഴ്ചത്തേയ്ക്ക് മാറ്റാനും സാധ്യതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ സമര്‍പ്പിക്കപ്പെടുന്ന സിഎജി റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാണ്. റാഫേല്‍ കരാറിന്റെ റിപ്പോര്‍ട്ടാണ് ഏറെ പ്രധാനം.

റഫേല്‍ യുദ്ധവിമാനങ്ങളടക്കമുള്ള പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പെര്‍ഫോമന്‍സ് ഓഡിറ്റാണ് സിഎജി നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഡിറ്റിന് ശേഷം കണ്ടെത്തലുകള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഓഡിറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമാണ് സിഎജി നടത്തിയിരിക്കുന്നത്. ഭാവിയില്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് പ്രതിരോധമന്ത്രാലയമോ ബന്ധപ്പെട്ടവരോ ആരോപണമുന്നയിക്കാതിരിക്കാനാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ ഏപ്രില്‍ 2015-ന് ഫ്രാന്‍സില്‍ നിന്ന് സര്‍ക്കാരുകള്‍ തമ്മില്‍ 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്.

എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോഡിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോള്‍ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

Exit mobile version