കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്! പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചാല്‍ 30 കോടി വാഗ്ദാനം ചെയ്തുവെന്ന് ജെഡിഎസ് എംഎല്‍എ

ബംഗളുരു: പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് ജെഡിഎസ് എംഎല്‍എ കെ ശ്രീനിവാസവ ഗൗഡ. കര്‍ണാടക സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപിയുടെ ഓപറേഷന്‍ താമര നീക്കം സജീവമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി കുമാരസ്വാമി വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്.

‘ബിജെപി നേതാക്കളായ സിഎന്‍ അശ്വന്ത് നാരായണ്‍, എസ്ആര്‍ വിശ്വാനന്ത്. സിപി യോഗേശ്വര എന്നിവര്‍ വീട്ടില്‍ വന്നുവെന്നും പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചാല്‍ 30 കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു. അവര്‍ 5 കോടി അഡ്വാന്‍സുമായിട്ടാണ് വന്നതെന്നും ഗൗഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി കുമാര സ്വാമിയുടെ ആരോപണങ്ങള്‍ ദൃഡമാക്കുന്നതാണ് ജെഡിഎസ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. യാദ്ഗീറിലെ ഗുര്‍മീത്കല്‍ ദള്‍ എംഎല്‍എ നാഗനഗൗഡ കാണ്ട്കറിനെ സ്വാധീനിക്കാന്‍ മകന്‍ ശരണഗൗഡയുമായി യെഡിയൂരപ്പ ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ്പ് നേരത്തെ കുമാര സ്വാമി പുറത്തുവിട്ടിരുന്നു.

24 മണിക്കൂറിനകം ഇതു തെളിയിക്കാനായാല്‍ സജീവരാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങാന്‍ തയാറാണെന്നു യെഡിയൂരപ്പ വെല്ലുവിളിച്ചു. ചലച്ചിത്ര നിര്‍മാതാവ് കൂടിയായ കുമാരസ്വാമി കൃത്രിമമായി ചമച്ചതാണ് ഓഡിയോയെന്നു യെഡിയൂരപ്പയുടെ ആരോപണം.

Exit mobile version