ഇന്നും ഇന്നലെയും ഞാന്‍ അവനോട് സംസാരിച്ചിരുന്നു, അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; എന്റെ മകനെ അവര്‍ ഇരയാക്കി.. അതെ അവന്‍ രാഷ്ട്രീയത്തിന്റെ ഇര; ഉള്ള് ഉരുകി ഒരമ്മ

ന്യൂഡല്‍ഹി: എന്റെ മകനെ അവര്‍ ഇരയാക്കി.. അതെ അവന്‍ രാഷ്ട്രീയത്തിന്റെ ഇരയാണ്. അല്ലാതെ അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്ന് കൊല്‍ക്കത്ത പോലീസ് മേധാവി രാജീവ് കുമാറിന്റെ അമ്മ.

‘ ഇന്നും ഇന്നലെയും ഞാന്‍ അവനോട് സംസാരിച്ചിരുന്നു. അവന് തെറ്റൊന്നും ചെയ്യാന്‍ പറ്റില്ല. അവന്‍ രാഷ്ട്രീയത്തിന്റെ ഇരയാണ്. ബിജെപി നേതാക്കളെ ബംഗാളില്‍ റാലി നടത്താന്‍ അനുവദിച്ചില്ല. അവരുടെ ചോപ്പറുകള്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. അതിന്റെ പേരിലാണ് സിബിഐ എന്റെ മകനെ കുടുക്കിയത്.’ അവര്‍ പറഞ്ഞു.

ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ഞായറാഴ്ച രാത്രി ബംഗാള്‍ പോലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2013 ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സിബിഐയുടെ ആരോപണം.

Exit mobile version