നടി ഭാനുപ്രിയയ്‌ക്കെതിരായ കുട്ടിക്കടത്ത് ആരോപണം തെറ്റെന്ന് പോലീസ്

ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ രക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചെന്നൈ ടി നഗര്‍ പോണ്ടി ബസാര്‍ പോലീസ് വ്യക്തമാക്കി.

ചെന്നൈ: നടി ഭാനുപ്രിയയ്‌ക്കെതിരായ കുട്ടിക്കടത്ത് ആരോപണം
അടിസ്ഥാനരഹിതമെന്ന് പോലീസ്. ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ രക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചെന്നൈ ടി നഗര്‍ പോണ്ടി ബസാര്‍ പോലീസ് വ്യക്തമാക്കി.

ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ജനുവരി 25-ന് ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിരുന്നു. നടിയുടെ പരാതിയില്‍ ഈ കുട്ടിയുടെ അമ്മയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നെന്നും പോലീസ് അറിയിച്ചു.

ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ബാലാവകാശ പ്രവര്‍ത്തകര്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് തിങ്കളാഴ്ച രാവിലെ മുതലാണ് പ്രചരണമുണ്ടായത്. ഇക്കാര്യം ചെന്നൈയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ദേശീയ സമിതി നടത്തിയ റെയ്ഡിലാണ് മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയതെന്നായിരുന്നു പ്രചാരണം.

ഭാനുപ്രിയയെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി ആവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷന് കത്തയച്ചെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ തങ്ങളുടെ മുന്‍കൂര്‍ അനുമതി നേടിയ ശേഷം മാത്രമാണ് പരിശോധനകള്‍ നടത്താറുള്ളതെന്നും, ആരും അനുമതി തേടിയിരുന്നില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പ്രസിഡന്റ് ഗിരിജ കുമാര്‍ അറിയിച്ചു. ചിലപ്പോള്‍ ഭാനുപ്രിയയുടെ ആന്ധ്രയിലെ വീട്ടിലായിരിക്കാം പരിശോധന നടത്തിയതെന്നും അവര്‍ പറഞ്ഞു.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ സ്ത്രീയാണ് നടിക്കെതിരേ ആദ്യം രംഗത്തെത്തിയത്. തന്റെ പതിനാലുകാരിയായ മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് അവര്‍ സമാല്‍കോട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, കുട്ടിയും അമ്മയും വീട്ടില്‍നിന്ന് പല തവണയായി എഴുപതിനായിരം രൂപയും സ്വര്‍ണവും കവര്‍ന്നെന്നാണ് ഭാനുപ്രിയയുടെ ആരോപണം. ഈ സംഭവത്തില്‍ ഭാനുപ്രിയ നല്‍കിയ പരാതിയെത്തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

Exit mobile version