തൊഴിലില്ലായ്മ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് നീതി ആയോഗ്; അന്തിമ റിപ്പോര്‍ട്ടെന്ന് ആവര്‍ത്തിച്ച് ഉദ്യോഗസ്ഥന്‍

ഇങ്ങനൊരു കണക്ക് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല. പൂര്‍ത്തിയാകാത്ത റിപ്പോര്‍ട്ട് അന്തിമമാണെന്ന് പറയാന്‍ കഴിയില്ല

തൊഴിലില്ലായ്മയെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട് പൂര്‍ണമെല്ലെന്ന് നീതി ആയോഗ്. റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് ബിസിനസ് സ്റ്റാന്റേര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് അന്തിമല്ലെന്ന വാദവുമായി നീതി ആയോഗ് രംഗത്തെത്തിയിരിക്കുന്നത്.

2018 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള തൊഴില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മാര്‍ച്ചില്‍ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണെന്നുമാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇങ്ങനൊരു കണക്ക് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല. പൂര്‍ത്തിയാകാത്ത റിപ്പോര്‍ട്ട് അന്തിമമാണെന്ന് പറയാന്‍ കഴിയില്ല. അന്തിമ റിപ്പോര്‍ട്ട് തയ്യാറാകുമ്പോള്‍ സര്‍ക്കാര്‍ അത് പുറത്തുവിടുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പൂര്‍ണമാണെന്നും കൂടുതല്‍ സ്ഥിരീകരണങ്ങള്‍ ആവശ്യമില്ലെന്നും റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതില്‍ പ്രതിഷേധിച്ച് രാജിവെച്ച ദേശീയ സ്ഥിതിവിവര കമ്മീഷന്‍ ആക്ടിങ് ചീഫ് പിസി മോഹനന്‍ ഉറപ്പിച്ച് പറയുമ്പോഴാണ് അന്തിമ റിപ്പോര്‍ട്ടല്ല പുറത്തുവന്നതെന്ന നീതി ആയോഗിന്റെ വാദം. റിപ്പോര്‍ട്ട് പൂര്‍ണമാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റികല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമപ്രകാരം അംഗീകരിച്ചതാണെന്നുമാണ് മോഹനന്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസമാണ് 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മോഡി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ്സ് സ്റ്റാന്‍ഡേഡ് പത്രമാണ് പുറത്തുവിട്ടത്.

2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

1972-73 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നോട്ടു നിരോധനത്തിന് ശേഷം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2011-12 കാലത്തെ തൊഴിലില്ലായ്മ 2.2 ശതമാനമായിരുന്നു. മോഡിയുടെ നോട്ടു നിരോധനത്തിന് മുന്‍പും ശേഷവുമുളള കാലയളവിനെ കൃത്യമായി രേഖപെടുത്തുന്നതാണ് ദേശീയ സ്ഥിതിവിവര കമ്മീഷന്റെ റിപ്പോര്‍ട്ട്.

ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് നഗരത്തിലാണ് തൊഴിലില്ലായ്മ കൂടുതല്‍. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമാണ്, നഗരങ്ങളിലേത് 7.8 ശതമാനവും. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2017-18 ല്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 17.4 ശതമാനമാണ്, 2011-12 ല്‍ ഇത് 5.0 ശതമാനമായിരുന്നു. 2017-018 ല്‍ നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18.7 ശതമാനവും സ്ത്രീകളുടേത് 27.2 ശതമാനവും ആണ്. 2011-012 ല്‍ യഥാക്രമം ഇത് 8.1 ശതമാനവും 13.1 ശതമാനവും ആയിരുന്നു.

ഗ്രാമങ്ങളില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2017-18 ല്‍ 13.6 ശതമാനമാണ്, 2011-12 ല്‍ 4.8 ശതമാനവും.

തൊഴില്‍ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍എസ്എസ്ഒയില്‍ നിന്നും ഉദ്യോഗസ്ഥര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലില്ലായ്മയെ കുറിച്ചുളള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

നോട്ടു നിരോധനത്തിന് ശേഷമുളള തൊഴില്‍ നഷ്ടത്തെ കുറിച്ച് പ്രതിപാദിക്കുന്നതിനാലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചിരുന്നതെന്നുളള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്. കോടികണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശവാദം ഉന്നയിച്ച് ഭരണത്തിലേറിയ മോഡിക്കും എന്‍ഡിഎയ്ക്കും വന്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കേന്ദ്രം റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറാകാതിരുന്നത്.

Exit mobile version