നോണ്‍ വെജ് ചോദിച്ചപ്പോള്‍ വിളമ്പിയത് വെജ് ഭക്ഷണം; എയര്‍ ഇന്ത്യക്കെതിരെ പരാതി

നോണ്‍ വെജ് ഊണ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെജ് ഊണ് നല്‍കിയ എയര്‍ ഇന്ത്യയുടെ നടപടിയെയാണ് പ്രൊഫസര്‍ രാജേഷ് ചോദ്യം ചെയ്തത്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ നോണ്‍ വെജ് ഭക്ഷണം ചോദിച്ചപ്പോള്‍ വിളമ്പിയത് വെജ് ഭക്ഷണമെന്ന് പരാതി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ രാജേഷ് ഝായാണ് പരാതിയുമായി രംഗത്തെത്തിയത്. ഗുവാഹത്തി-ഡല്‍ഹി ഫ്‌ളൈറ്റിലാണ് സംഭവം.

നോണ്‍ വെജ് ഊണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെജ് ഊണ്‍ നല്‍കിയ എയര്‍ ഇന്ത്യയുടെ നടപടിയെയാണ് പ്രൊഫസര്‍ രാജേഷ് ചോദ്യം ചെയ്തത്. ചോദിച്ചപ്പോള്‍ ഇക്കോണമി ക്ലാസ്സുകളില്‍ വെജ് ഭക്ഷണം മാത്രമേ വിളമ്പൂ എന്നതാണ് എയര്‍ ഇന്ത്യയുടെ നയം എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് രാജേഷ് ഇക്കാര്യം ട്വിറ്ററില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ശ്രദ്ധയില്‍ പെടുത്തി.

എന്തുകൊണ്ട് പ്രത്യേക തരം ഭക്ഷണം ഒരു വിഭാഗം യാത്രക്കാരില്‍ എയര്‍ ഇന്ത്യ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് രാജേഷിന്റെ ചോദ്യം. മാംസാഹാരം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്ത് കഴിക്കണമെന്ന തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മൗലികാവകാശ ലംഘനമാണെന്നും രാജേഷ് പറയുന്നു.

അതേസമയം എയര്‍ ഇന്ത്യ പറയുന്നത് ഒന്നര വര്‍ഷം മുന്‍പ് തന്നെ ആഭ്യന്തര ഇക്കോണമി ക്ലാസ്സുകളില്‍ നോണ്‍ വെജ് ഭക്ഷണം നിര്‍ത്തലാക്കിയെന്നാണ്. ചെലവ് കുറയ്ക്കാനാണ് ഇങ്ങനെ ചെയ്തതെന്നും എയര്‍ ഇന്ത്യ വക്താവ് പ്രവീണ്‍ ഭട്‌നാഗര്‍ പറഞ്ഞു.

Exit mobile version