ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈകള്‍ വെട്ടികളയണം; വിവാദ ആഹ്വാനവുമായി കേന്ദ്രമന്ത്രി

മൈസൂരു: ഹിന്ദു പെണ്‍കുട്ടിയെ ആരെങ്കിലും തൊട്ടാല്‍ ആ കൈകള്‍ വെട്ടികളയണെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. കര്‍ണാടകയിലെ കൊടകില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ചിന്തയില്‍ ഒരു അടിസ്ഥാന മാറ്റം ഉണ്ടായിരിക്കണം. നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് നമ്മള്‍ നിരീക്ഷിക്കണം. ഹിന്ദു പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്ന ഒരു കൈ പിന്നീട് ഉണ്ടായിരിക്കരുത്. ജാതിയും മതവും നോക്കാതെ ആ കൈകള്‍ വെട്ടിയിരിക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞു.

ഹെഗ്ഡയുടെ ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നേരത്തെും വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍നിന്ന് മതേതരത്വം എന്ന വാക്ക് ബിജെപി എടുത്തു മാറ്റുമെന്ന ഹെഗ്‌ഡെയുടെ പരാമര്‍ശം നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 2017ലായിരുന്നു അത്.

ഭരണഘടന പറയുന്നത് മതേതരത്വമാണെന്നും അത് നമ്മള്‍ അംഗീകരിക്കണമെന്നുമാണ് ചിലരുടെ വാദം. നമ്മള്‍ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ട്. ഭരണഘടന നിരവധി തവണ മാറ്റിയിട്ടുണ്ട്. ഭാവിയിലും ആ മാറ്റം തുടരും. ഭരണഘടനയില്‍ മാറ്റം വരുത്തുന്നതിനായാണ് നമ്മളിവിടെയുള്ളത്. അത് നമ്മള്‍ മാറ്റുക തന്നെ ചെയ്യുമെന്നും ഹെഗ്‌ഡെ പറഞ്ഞു.

മുസ്ലീം, ക്രിസ്ത്യന്‍, ലിംഗായത്ത്, ബ്രാഹ്മണന്‍, ഹിന്ദു ആരാണെങ്കിലും അത് അഭിമാനത്തോടെ പറയുക. തങ്ങളുടെ മാതാപിതാക്കളുടെ രക്തത്തെക്കുറിച്ച് അറിവില്ലാത്തവരാണ് മതേതരത്വമെന്ന വാക്ക് ഉപയോഗിക്കുന്നത്. അവര്‍ക്ക് സ്വന്തമായി വ്യക്തത്വമുണ്ടാകില്ല. അവര്‍ക്ക് അവരുടെ മാതാപിതാക്കളെക്കുറിച്ച് അറിവുണ്ടാകില്ല. പക്ഷേ അവര്‍ ബുദ്ധിജീവികളായിരിക്കുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.

Exit mobile version