സിബിഐയില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം; നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കുന്നവരെ മാറ്റി

ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു ആണ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: സിബിഐയില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അടക്കം 20 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

വരുന്ന 24 ന് പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ചേരാനിരിക്കുന്നതിനിടെയാണ് നടപടി. ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു ആണ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരിക്കുന്നത്.

നീരവ് മോദി, മെഹുല്‍ ചോക്‌സി കേസ് അന്വേഷിക്കുന്ന എസ്‌കെ നായരെ മുംബൈ ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് മാറ്റി. ചെന്നൈയില്‍ നിന്നുള്ള എസ്പി എ ശരവണനെയാണ് പകരം നിയമിച്ചത്. ശരവണന്‍ തൂത്തുക്കുടി സ്റ്റര്‍ലൈറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചുവരികയായിരുന്നു. ടൂജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ചിരുന്ന അഴിമതി വിരുദ്ധ അന്വേഷണ യൂണിറ്റിലെ വിവേക് പ്രിയദര്‍ശിനിയെയും ട്രാന്‍സ്ഫര്‍ നല്‍കി പറപ്പിച്ചു.

നേരത്തെ നാഗേശ്വര റാവുവിന്റെ സ്ഥലം മാറ്റങ്ങള്‍ വിവാദമായിട്ടുണ്ട്. ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ പുറത്താക്കി ഇടക്കാല ഡയറക്ടറായി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് റാവു കൂട്ടസ്ഥലമാറ്റം നടത്തിയത്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചെത്തിയ അലോക് വര്‍മ സ്ഥലം മാറ്റിയ ജീവനക്കാരെ വീണ്ടും തിരിച്ചുകൊണ്ടുവന്നു.

അസ്താനയുടെ വിശ്വസ്തരെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ ഉന്നതാധികാര സമിതിയുടെ തീരുമാന പ്രകാരം അലോക് വര്‍മയ്ക്കു സിബിഐയില്‍ നിന്നും പടിയിറങ്ങേണ്ടി വന്നു. അലോക് വര്‍മ നടത്തിയ സ്ഥലം മാറ്റങ്ങളെല്ലാം ഇതോടെ വര്‍മ ഇല്ലാതാക്കുകയും ചെയ്തു.

Exit mobile version