പന്നിപ്പനി വിട്ടു, അമിത് ഷാ ആശുപത്രിയും വിട്ടു! പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടിലേയ്ക്ക് മടങ്ങി, പങ്കുവെച്ച് അനില്‍ ബലൂനി

ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് അമിത് ഷാ ട്വിറ്റില്‍ കുറിച്ചിരുന്നു.

ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന ഷായുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആശുപത്രി വിട്ടുവെന്നുമുള്ള വിവരം ബിജെപി രാജ്യസഭാംഗം അനില്‍ ബലൂനിയാണ് പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് സന്തോഷം പങ്കുവെച്ചത്.

നമ്മുടെ ദേശീയ അധ്യക്ഷന്‍ സുഖം പ്രാപിച്ച് എയിംസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുകയാണ്, നിങ്ങളുടെ ആശംസകള്‍ക്കും ക്ഷേമാന്വേഷണങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് അനില്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ ആശുപത്രിയിലെത്തിയത്.

വിശദമായ പരിശോധനയില്‍ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് അമിത് ഷാ ട്വിറ്റില്‍ കുറിച്ചിരുന്നു.

Exit mobile version