സംസ്‌കരിക്കാന്‍ മൃതദേഹമെങ്കിലും കിട്ടണം; കണ്ണീരോടെ കുടുംബാംഗങ്ങള്‍

മുപ്പത്തിയഞ്ച് ദിവസങ്ങള്‍ കാത്തിരുന്നിട്ടും ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതശരീരമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളൂ.

മേഘാലയ: കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത് ഒന്ന് മാത്രം. അവരെ സംസ്‌കരിക്കാന്‍ മൃതദേഹമെങ്കിലും കിട്ടണം. മുപ്പത്തിയഞ്ച് ദിവസങ്ങള്‍ കാത്തിരുന്നിട്ടും ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതശരീരമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളൂ.

കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിപ്പോയ അസ്ഥികൂടത്തിന്റെ ചിത്രങ്ങള്‍ നാവികസേനാംഗങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു കുടുംബാംഗങ്ങളുടെ ഈ അഭ്യര്‍ത്ഥന.

കഴിഞ്ഞ മാസം ഡിസംബര്‍ 13നാണ് പതിനഞ്ച് തൊഴിലാളികള്‍ എലിമാളങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന കല്‍ക്കരി ഖനിക്കുളളില്‍ കുടുങ്ങിപ്പോയത്. തൊട്ടടുത്ത നദിയില്‍ നിന്നും വെള്ളം പൊങ്ങി ഖനിയുടെ കവാടം അടഞ്ഞതിനാല്‍ ഇവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയാതെ വരികയായിരുന്നു. ഇന്ത്യന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ ഉപയോഗിക്കുന്ന റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ചാണ് 160 അടി ആഴത്തില്‍ നിന്നും മൃതദേഹം വലിച്ചെടുത്ത് ഗുഹാകവാടത്തിനടുത്തെത്തിച്ചത്.

കണ്ടെടുത്ത മൃതശരീരത്തിന്റെ അസ്ഥികൂടം ഡോക്ടേഴ്‌സിന്റെ നിരീക്ഷണത്തിലാണെന്ന് നാവിക സേന വക്താവ് വെളിപ്പെടുത്തി. എന്നാല്‍ മൃതശരീരം പതിനഞ്ച് പേരില്‍ ആരുടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഖനിക്കുള്ളില്‍ കുടുങ്ങിയവരിലൊരാളായ മുനീറുള്‍ ഇസ്ലാമിന്റെ സഹോദരന്‍ മാലിക് അലി പറയുന്നു, -ഞങ്ങള്‍ക്ക് അവന്റെ മൃതദേഹമെങ്കിലും ഉചിതമായ രീതിയില്‍ സംസ്‌കരിക്കണം. മറ്റ് തൊഴിലാളികളുടെ കുടുംബങ്ങളും ഇതേ ആവശ്യം തന്നെയാണ് പറയുന്നത്.

Exit mobile version