ഭോപ്പാല്‍: തനിക്ക് ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തതിന്റെ മനോവിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മെഡിക്കല്‍ ഷോപ്പ് ഉടമയായ സഞ്ജു ജെയ്‌സ്വാളാണ് മരിച്ചത്.
രാത്രി ഒരു മണിയോടെ കിടപ്പുമുറിയില്‍ നിന്ന് വെടിയൊച്ച കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ ഓടിയെത്തി നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ സഞ്ജുവിനെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇയാള്‍ മരിച്ചു.
സഞ്ജുവിന്റെ മകള്‍ പ്രദേശത്ത് തന്നെയുള്ള മറ്റൊരു യുവാവിനൊപ്പം രണ്ടാഴ്ച മുമ്പ് നാടുവിട്ടിരുന്നു. ഇവരെ പിന്നീട് ഇന്‍ഡോറില്‍ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നു. എന്നാല്‍ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ വിവാഹിതയാണെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്നും മകള്‍ പറയുകയായിരുന്നു.
എന്നാല്‍ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ മകള്‍ വിവാഹം ചെയ്യുന്നത് സഞ്ജു ജെയ്‌സ്വാളിന് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇയാള്‍ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
മകളുടെ ആധാര്‍ കാര്‍ഡിന്റെ പ്രിന്റൗട്ടില്‍ എഴുതിയ ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മകള്‍ ചെയ്തത് തെറ്റാണെന്നും താന്‍ പോവുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. മകളെയും മകളുടെ ഭര്‍ത്താവിനെയും താന്‍ കൊല്ലേണ്ടിയിരുന്നുവെന്നും എന്നാല്‍ അച്ഛന് എങ്ങനെയാണ് മകളെ കൊല്ലാന്‍ കഴിയുകയെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.