ഇനി കരാര്‍ ലംഘനം ഉണ്ടായാല്‍ കനത്ത തിരിച്ചടി; പാകിസ്ഥാനെ നിലപാട് അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇരു സൈന്യത്തിന്റെയും കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

കരാര്‍ ലംഘനം ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി. പൂഞ്ച്, രജൗരി മേഖലയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇരു സൈന്യത്തിന്റെയും ചര്‍ച്ച നടന്നത്.

പൂഞ്ചിലെ ചക്കന്‍-ദാ-ബാഗ് ക്രോസിംഗ് പോയിന്റിലാണ് ഫ്‌ലാഗ് മീറ്റിംഗ് നടന്നത്. 75 മിനിറ്റോളം ചര്‍ച്ച നടന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഇന്ത്യ ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ മാനിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തിക്കിപ്പുറത്തേക്ക് വെടിവയ്പ്പ് ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു.

Exit mobile version