ലഖ്‌നോ: കഴിഞ്ഞ ദിവസം കുരങ്ങന്മാരുടെ ആക്രമണത്തില്‍ മരണമടഞ്ഞ വൃദ്ധന്റെ വീട്ടുകാര്‍ പരാതിയുമായി രംഗത്ത്. കുരങ്ങന്മാര്‍ക്കെതിരെ കേസെടുക്കണമെന്ന വിചിത്രപരാതിയുമായാണ് കുടുംബാംഗങ്ങള്‍ എത്തിയത്.
ഉത്തര്‍പ്രദേശിലെ ബാഗ്പതിന് സമീപത്തെ തിക്‌രി ഗ്രാമത്തിലെ ധരംപാല്‍ എന്ന വയോധികനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗ്രാമത്തില്‍നിന്ന് വിറക് ശേഖരിക്കുന്നതിനിടെ പരിസരത്തുള്ള കുരങ്ങന്മാര്‍ ഇഷ്ടികകൊണ്ട് എറിയുകയായിരുന്നുവെന്ന് ധരംപാലിന്റെ സഹോദരന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
അതേസമയം, അട്ടിയിട്ട ഇഷ്ടികകള്‍ക്കുമുകളില്‍ കിടന്നുറങ്ങുകയായിരുന്ന ധരംപാല്‍ കുരങ്ങന്മാര്‍ ചാടിയതിനെത്തുടര്‍ന്ന് താഴേക്കുവീഴുകയും ഇഷ്ടികകള്‍ ഒന്നാകെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ധരംപാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസില്‍ കുരങ്ങന്മാരെ അറസ്റ്റ് ചെയ്യുന്നതെങ്ങനെ എന്ന് ആലോചിക്കുകയാണ് പോലീസ്.