യുഎഇ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തി

2006 ല്‍ രാജീവ് ഗാന്ധി അവാര്‍ഡിനര്‍ഹനായ യൂസഫലി അന്നത്തെ പെട്രോളിയം മന്ത്രി മുരളി ദിയോറയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രമാണ് പിതൃസ്മരണകളിലേയ്ക്ക് രാഹുലിനെ നയിപ്പിച്ചത്

രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തി. വെളളിയാഴ്ചത്തെ പൊതുപരിപാടിക്കു ശേഷം ശനിയാഴ്ചയാണ് രാഹുല്‍ യൂസഫലിയുടെ അബുദാബിയിലെ വീട്ടിലെത്തിയത്. ഇന്ത്യയുടെ വ്യവസായം, കാര്‍ഷികം തുടങ്ങിയ മേഖലകളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്യുകയും ചെയ്തു. യൂസഫലിയുടെ ആല്‍ബം രാഹുലിനെ പഴയ സ്മരണകളിലേക്കു ലയിപ്പിച്ചു.

2006 ല്‍ രാജീവ് ഗാന്ധി അവാര്‍ഡിനര്‍ഹനായ യൂസഫലി അന്നത്തെ പെട്രോളിയം മന്ത്രി മുരളി ദിയോറയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രമാണ് പിതൃസ്മരണകളിലേയ്ക്ക് രാഹുലിനെ നയിപ്പിച്ചത്. രാജകീയമായ സ്വീകരണമാണ് യുഇഎ ജനത രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയത്.പതിനായിരക്കണക്കിനാളുകളാണ് രാഹുലിനെ കാണാനും കേള്‍ക്കാനുമായി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. പ്രവാസികളെയും യുഎഇ പ്രധാനമന്ത്രിയെയും പുകഴ്ത്തിയാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും വിമര്‍ശിച്ച രാഹുല്‍, പ്രവാസികള്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കി. രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി രാജ്യത്തേയും ജനങ്ങളേയും വിഭജിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ബിജെപി അധികാരമേറ്റശേഷമുള്ള നാലരവര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലഘട്ടമാണ്. വിനയമില്ലാതെ സഹിഷ്ണുത അസാധ്യമാണെന്നും നരേന്ദ്രമോഡിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.

Exit mobile version