വിവാഹത്തലേന്ന് പടക്കം പൊട്ടിച്ചുള്ള ആഘോഷം ദുരന്തമായി: ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് 6 പേര്‍ക്ക് ദാരുണാന്ത്യം

ഒഡീഷ: കല്യാണ വീട്ടില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പടക്കം പൊട്ടിച്ചത് വന്‍ ദുരന്തമായി.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൂടാതെ മൂന്ന് പശുക്കളും തീ പിടുത്തത്തില്‍ ചത്തു. പന്തലുകളും മറ്റ് സാധനങ്ങളും പൂര്‍ണമായി കത്തി നശിക്കുകയും ചെയ്തു. പടക്കത്തില്‍ നിന്നുള്ള തീ പടര്‍ന്ന് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണം.

ഒഡിഷയിലെ ദര്‍ബംഗയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. നരേഷ് പാസ്വാന്‍ എന്നയാളുടെ മകളുടെ വിവാഹത്തലേന്നാണ് ദുരന്തമുണ്ടായത്. അയല്‍വാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തില്‍ മരിച്ചത്. വധുവിന്റെ വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്ന രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തല്‍ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എല്‍.പി.ജി സിലിണ്ടറും, വാട്ടര്‍ പമ്പുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു. പടക്കത്തില്‍ നിന്ന് തീ പടര്‍ന്നപ്പോള്‍ പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടര്‍ന്നത് വന്‍ അപകടത്തിലേക്ക് നയിച്ചു. സുനില്‍ കുമാര്‍ പാസ്വാന്‍ (28), ലാലി ദേവി (25), കാഞ്ചന്‍ ദേവി (25), സാക്ഷി കുമാരി (6), സിദ്ദാര്‍ദ്ധ് (2), സുധാന്‍ഷു (4) എന്നിവരാണ് മരിച്ചത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ വെച്ച് അടുത്ത ദിവസം വിവാഹ ചടങ്ങുകള്‍ നടത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപയും വസ്തുവകകളുടെ നഷ്ടത്തിന് 12 ലക്ഷം രൂപയും സഹായധനമായി അനുവദിക്കുമെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ശംഭുനാഥ് ജാ പറഞ്ഞു.

Exit mobile version