വെള്ളം പാഴാക്കി; ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് 5000 രൂപ പിഴ

ബംഗളൂരു: കടുത്ത ജലക്ഷാമം നേരിടുകയാണ് ഐടി നഗരം ബംഗളൂരു. ജലക്ഷാമം കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണം അധികൃതര്‍ കൊണ്ടുവന്നിരുന്നു. എന്നാലിപ്പോള്‍ വെള്ളം പാഴാക്കിയെന്ന് കണ്ടെത്തിയ 22 കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം പിഴയിട്ടിരിക്കുകയാണ് അധികൃതര്‍.

ഈ കുടുംബങ്ങളില്‍ നിന്ന് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) 1.1 ലക്ഷം രൂപ പിഴയിനത്തില്‍ പിരിച്ചെടുത്തതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കാര്‍ കഴുകാനോ ചെടി നനയ്ക്കാനോ ടാങ്കര്‍വെള്ളമോ പൈപ്പ് വെള്ളമോ ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിനെ ചൊല്ലി സോഷ്യല്‍മീഡിയയിലൂടെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് കുടിവെള്ളം പാഴാക്കുന്നത് കണ്ടെത്തിയത്.

ജലദൗര്‍ലഭ്യം കാരണം ഹോളി ആഘോഷങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹോളി ആഘോഷത്തിന് വാട്ടര്‍അതോറിറ്റിയുടെ വെള്ളമോ കുഴല്‍കിണര്‍ വെള്ളമോ ഉപയോഗിക്കുന്നത് അടുത്തിടെ നിരോധിച്ചിരുന്നു. ഇതിന് ശേഷം പലയിടത്തും ഹോളി ആഘോഷം വേണ്ടെന്ന് വെച്ചിരുന്നു.

Exit mobile version