ഹരിയാനയിലെ ബിജെപി – ജെജെപി സര്‍ക്കാര്‍ വീണു: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയില്‍ രാഷ്ട്രീയ പ്രതിസന്ധി. സംസ്ഥാനത്തെ ബിജെപി – ജെജെപി (ജനനായക് ജനത പാര്‍ട്ടി) സര്‍ക്കാര്‍ വീണു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.

പുതിയ മന്ത്രിസഭ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. ഖട്ടല്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ജെജെപി സഖ്യം ഉപേക്ഷിച്ച് സ്വതന്ത്രരുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സജ്ഞയ് ഭാട്ട്യ, നയിബ് സിംഗ് സൈനി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബന്ധം വഷളായത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.

സ്വതന്ത്ര എംഎല്‍എമാരുടെ സഹായത്തോടെ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുമെന്നും സൂചനകളുണ്ട്. സഖ്യം പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നും ഖട്ടറിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിന്റെ അതിജീവനം ഉറപ്പാക്കുമെന്നും സ്വതന്ത്ര എംഎല്‍എയായ നയന്‍ പാല്‍ റാവത്ത് അവകാശപ്പെട്ടു.

ബിജെപിയുടേയും ജെജെപിയുടേയും നേതാക്കള്‍ എംഎല്‍എമാരുമായുള്ള വ്യത്യസ്ത യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ബിജെപി മന്ത്രിമാരുമായി ഖട്ടര്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തി. ശേഷം രാജ്ഭവനില്‍ എത്തി രാജിസമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ സാഹചര്യം നിരീക്ഷിക്കുന്നതിനായി കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടയും ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎല്‍എമാരുടെയും യോഗം ഖട്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 41 എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണ ആവശ്യമാണ്.

Exit mobile version