പ്രകൃതി ദുരന്തങ്ങളെ മുന്നെ അറിയിക്കാന്‍ ഇന്‍സാറ്റ് 3 ഡിഎസ്: ജിഎസ്എല്‍വി എഫ് 14 വിക്ഷേപണം വിജയകരം

ബംഗളൂരു: ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തില്‍ എത്തി. ജിഎസ്എല്‍വി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂര്‍ത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇന്‍സാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് അറിയിച്ചു. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. 18.7 മിനിറ്റുകള്‍ കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

കാലാവസ്ഥാപ്രവചനത്തില്‍ കൂടുതല്‍ കൃത്യത ആര്‍ജ്ജിക്കുകയാണ് INSAT-3DSന്റെ ലക്ഷ്യം. നിലവില്‍ INSAT 3D, INSAT 3DR, ഓഷ്യന്‍ സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവ മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും.

തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള റോക്കറ്റിന്റെ 16-ാം ദൗത്യമാണിത്. ഇനിമുതല്‍ സമുദ്രത്തിന്റെയും ഉപരിതലത്തിന്റെയും കാലാവസ്ഥാ നിരീക്ഷണങ്ങള്‍ കൂടുതല്‍ എളുപ്പമാകും. കാട്ടുതീ, പുക, മഞ്ഞ് മൂടല്‍, ഇടിമിന്നല്‍ പോലുള്ള അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഹ്രസ്വ-ദൂര പ്രവചനങ്ങള്‍, കാലാവസ്ഥാ എന്നിവയുടെ പഠനത്തിന് ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. മിനിസ്റ്റി ഓഫ് എര്‍ത്ത് സയന്‍സാണ് നിര്‍മ്മാണ ചിലവായ 400 കോടി രൂപ പൂര്‍ണ്ണമായും മുടക്കിയത്.

Exit mobile version