ഓപ്പറേഷന്‍ തിയ്യേറ്ററില്‍ ‘പോക്കിരി’ നിറഞ്ഞാടി: യുവാവിനെ ഉണര്‍ത്തിയിരുത്തി തലയിലെ ട്യൂമര്‍ നീക്കി ഡോക്ടര്‍മാര്‍

അമരാവതി: സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ രോഗിയ്ക്ക് അനസ്‌തേഷ്യ നല്‍കാറുണ്ട്. അബോധാവസ്ഥയിലായിരിക്കും ശസ്ത്രക്രിയകള്‍ നടത്താറുള്ളത്. അപൂര്‍വം ശസ്ത്രക്രിയകള്‍ രോഗി ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലും ചെയ്യാറുണ്ട്. ശ്രദ്ധ മറ്റുപലതിലേക്കും തിരിച്ചാണ് ഡോക്ടര്‍മാര്‍ ഏറെ ശ്രമകരമായി ഈ ദൗത്യം പൂര്‍ത്തിയാക്കാറുള്ളത്. രോഗിയെ ഉണര്‍ത്തി ഇരുത്തി തലച്ചോറിലെ മുഴ നീക്കം ചെയ്തിരിക്കുന്ന റിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്.

48കാരനായ പാണ്ഡുവിനാണ് ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. സമ്മര്‍ദ്ദം കൂടാതെ ഉണര്‍ന്നിരിക്കാന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സിനിമ കാണിച്ചിരുന്നു. പാണ്ഡുവിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായ പോക്കിരിയാണ് ശസ്ത്രക്രിയ നടക്കുന്നതിനിടെ സംപ്രേഷണം ചെയ്തത്.

ആക്ഷന്‍ സിനിമയായ പോക്കിരിയിലെ മാസ് രംഗങ്ങള്‍ ആസ്വദിച്ചിരുന്ന പാണ്ഡുവിന്റെ തലച്ചോറില്‍ നിന്നും അതിവിദഗ്ധമായി ട്യൂമര്‍ നീക്കം ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. ഗുണ്ടൂരിലെ ജനറല്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍മാരായിരുന്നു സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്ക് പിന്നില്‍. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ആശുപത്രി സൂപ്രണ്ട് കിരണ്‍ കുമാറാണ് ഇക്കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പശ്ചിമ ഗോദാവരി ജില്ലയിലെ ഇളപ്പരു ഗ്രാമവാസിയാണ് പാണ്ഡു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ജനുവരി 2ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകള്‍ക്കൊടുവില്‍ പാണ്ഡുവിന്റെ തലച്ചോറില്‍ ട്യൂമറുണ്ടെന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി. കാലിന്റെയും കൈയുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന ട്യൂമറായിരുന്നു അത്. തുടര്‍ന്ന് രോഗിയെ ഉണര്‍ത്തി ഇരുത്തി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ജനുവരി 25നായിരുന്നു ഓപ്പറേഷന്‍ നടന്നത്. സുഖം പ്രാപിച്ച പാണ്ഡു കഴിഞ്ഞ ശനിയാഴ്ച ആശുപത്രി വിട്ടു.

Exit mobile version