സാമ്പത്തിക സംവരണം; ബില്‍ ലോക്‌സഭ പാസാക്കി; എതിര്‍ത്തത് മൂന്ന് പേര്‍ മാത്രം

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണ ഏര്‍പ്പെടുത്തുന്ന ബില്‍ ലോക്‌സഭ പാസാക്കി. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു. 323 പേരാണ് ബില്ലിനെ അനുകൂലിച്ചത്. മുസ്ലീം ലീഗ് അംഗം ഉള്‍പ്പെടെ മൂന്നു പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. അതേസമയം അണ്ണാ ഡിഎംകെ ലോക്‌സഭ ബഹിഷ്‌കരിച്ചു. അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്തു.

സാമ്പത്തിക സംവരണ തീരുമാനത്തിന് നിയമസാധുതയുണ്ടെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ല. ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ല. 50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്നു പ്രശ്‌നമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. തവര്‍ചന്ദ് ഗെലോട്ടാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

Exit mobile version