സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര ബില്‍ രാഷ്ട്രീയ തന്ത്രം! വിശദമായ ചര്‍ച്ചയില്ലാതെ നടപ്പാക്കരുത്; സിപിഎം

ന്യൂഡല്‍ഹി; സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര ബില്‍ രാഷ്ട്രീയ തന്ത്രം മാത്രമെന്ന് സിപിഎം. തൊഴിലാളികള്‍ക്ക് 18,000 രൂപ മിനിമം വേതനം ഉറപ്പാക്കാത്ത സര്‍ക്കാരാണ് സാമ്പത്തിക സംവരണം മുന്നോട്ട് വയ്ക്കുന്നതെന്നും സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

മണ്ഡല്‍ കമ്മീഷന്‍ കാലം മുതല്‍ തന്നെ സാമ്പത്തിക സംവരണം ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ഈ തീരുമാനം രാഷ്ട്രീയ തന്ത്രമാണ്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാവൂ എന്നും സിപിഎം പറഞ്ഞു.

സാമ്പത്തിക സംവരണത്തിന്റെ വരുമാന പരിധി 8 ലക്ഷം രൂപയാണ്. ഇത് അര്‍ഹരായവര്‍ക്ക് തന്നെ സംവരണം ലഭിക്കുമോയെന്ന സംശയം ഉണ്ടാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിലെ മോഡി സര്‍ക്കാരിന്റെ പരാജയമാണ് വെളിവായതെന്നും സിപിഎം കുറ്റപ്പെടുത്തി.

എന്നാല്‍ സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് വിഎസ് നേരത്തെ രംഗത്ത് വന്നിരുന്നു. സംവരണം എന്നത് സാമ്പത്തിക പദ്ധതി അല്ലെന്നും സാമൂഹ്യ നീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണം എന്നും വിഎസ് പ്രതികരിച്ചിരുന്നു.

സവര്‍ണ്ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സംവരണം പ്രഖ്യാപിച്ചതെന്നും, രാജ്യവ്യാപകമായി ചര്‍ച്ചയില്ലാതെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും വിഎസ് പറഞ്ഞിരുന്നു.

Exit mobile version