സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോകസഭയില്‍

കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട് ആണ് ബില്‍ അവതരിപ്പിക്കുക. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു

ന്യൂഡല്‍ഹി; സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട് ആണ് ബില്‍ അവതരിപ്പിക്കുക. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.

ബിജെപിയും കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് സഭയില്‍ ഹാജരാകാന്‍ വിപ്പു നല്‍കിയിട്ടുണ്ട്. ഇന്ന് ലോക്‌സഭയില്‍ പാസാക്കിയ ശേഷം നാളെ രാജ്യസഭയിലും കൊണ്ടുവരാനാണ് നീക്കം. ശീതകാലസമ്മേളനം ഇന്ന് അവസാനിക്കേണ്ടതാണ്. ബില്‍ പാസാക്കാന്‍ രാജ്യസഭ നാളെ കൂടി ചേരാനാണ് ധാരണ. പൗരത്വ നിയമഭേദഗതിയും ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധമത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. അഖിലേഷ് യാദവിനെതിരായ റെയിഡില്‍ ഇരുസഭകളിലും പ്രതിഷേധിക്കാനാനാണ് എസ് പി ,ബിഎസ്പി തീരുമാനം.

കേരളസര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ബിജെപി നിലപാടില്‍ ഇടത് അംഗങ്ങള്‍ പ്രതിഷേധിക്കും. തൊഴിലാളിസംഘടനകളുടെ പണിമുടക്ക് സഭയ്ക്ക് അകത്തും പുറത്തും അവതരിപ്പിക്കാനും ഇടത് എംപിമാര്‍ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version