‘ചെറിയ സ്വപ്നങ്ങള്‍ കാണുക എന്നത് എന്റെ പതിവല്ല; ട്രെയിനില്‍ ഒരുപോറല്‍ പോലും ഉണ്ടാവാതെ നോക്കണം’: നമോ ഭാരത് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോഡി

ന്യൂഡല്‍ഹി: ‘നമോ ഭാരത്’ ട്രെയിനില്‍ ഒരു പോറല്‍ പോലുമുണ്ടാവരുത് എന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് റീജണല്‍ റെയില്‍ സര്‍വ്വീസായ ‘നമോ ഭാരത്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഉത്തര്‍പ്രദേശിലെ സാഹിബാദിനേയും ദുഹായ് ഡിപ്പോയേയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍. ട്രെയിനില്‍ ഒരുപോറല്‍ പോലും ഉണ്ടാവരുതെന്നും ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും പൊതുജനങ്ങളോടാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

നമോഭാരതിലെ ജീവനക്കാര്‍ എല്ലാവരും സ്ത്രീകള്‍ ആണെന്നത് ഒരു പ്രത്യേകതയാണെന്നും ഇത് ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ALSO READ-വാല്‍പാറയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു: കുളിയ്ക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ദുരന്തം

‘ഇന്ത്യയിന്‍ റെയില്‍വേയുടെ മാറ്റത്തിന്റെ കാലഘട്ടമാണ് ഇത്. ചെറിയ സ്വപ്നങ്ങള്‍ കാണുക എന്നത് എന്റെ പതിവല്ല. ഇന്ത്യയിലെ ട്രെയിന്‍ ലോകത്തിന്റെ മറ്റിടങ്ങളിലേതിനേക്കാള്‍ പിന്നിലാകാന്‍ പാടില്ല’- മോഡി പറഞ്ഞതിങ്ങനെ.

സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ ആര്‍ആര്‍ടിഎസിന്റെ (റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം) ഭാഗമാണ് ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലെ റീജണല്‍ റെയില്‍ സര്‍വീസ് ഇടനാഴി.

ഈ അതിവേഗ റെയില്‍പ്പാതയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച പ്രധാനമന്ത്രി സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കെ ആദ്യ സെമി ഹൈ സ്പീഡ് റീജണല്‍ റെയില്‍ സര്‍വീസായ റാപ്പിഡ് എക്‌സിന്റെ പേര് മാറ്റം വരുത്തിയത് വിമര്‍ശനത്തിനും കാരണമായി.

Exit mobile version