ബിജെപി ഇനി സഖ്യം ചേരുക വോട്ടിങ് മെഷീനുമായാകും! പരിഹാസവുമായി ശിവസേന

ന്യൂഡല്‍ഹി: ബിജെപിയെ പരിഹസിച്ച് വീണ്ടും ശിവസേന രംഗത്ത്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവരുമായി സഖ്യം ചേരാന്‍ ബിജെപിക്കു താല്പര്യമില്ല. ഇനി ഒരുപക്ഷെ വോട്ടിങ് മെഷീനുമായായിട്ടാകും ബിജെപി സഖ്യം ചേരുകയെന്നും ശിവസേന വക്താവ് പറഞ്ഞു.

മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെയാണ് വീണ്ടും ബിജെപിയെ പരിഹസിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി സഖ്യം ചേര്‍ന്നില്ലെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന പരാജയപ്പെടുമെന്ന അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ശിവസേനയുടെ പരിഹാസം.

അയോധ്യ വിഷയത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ എടുത്ത നിലപാടും ക്ഷേത്ര സന്ദര്‍ശനവും ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതാണ് അമിത് ഷായെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പ്രകോപനപരമായ പ്രസ്താവന നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും ശിവസേന വക്താവ് കൂട്ടിച്ചേര്‍ത്തു.

Exit mobile version