സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായി; ‘മറക്കുമാ നെഞ്ചം’ പരിപാടിയില്‍ കൂടുതല്‍ അന്വേഷണം

ചെന്നൈ: ‘മറക്കുമാ നെഞ്ചം’ എന്ന എആര്‍ റഹ്‌മാന്‍ ഷോ വിവാദമായിരിക്കുകയാണ്. സംഘാടനത്തിലെ പിഴവ് ആരോപിച്ച് നിരവധി പേരാണ് പരാതികള്‍ ഉന്നയിച്ചത്. ടിക്കറ്റെടുത്ത മിക്കവര്‍ക്കും ടിക്കറ്റ് കിട്ടിയില്ലെന്ന് ആരോപിച്ച് നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

വിവാദത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റിയുള്ള ഉന്നത അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. തിക്കിലും തിരക്കിലും അകപ്പെട്ട് കുടുങ്ങുകയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗതാഗതക്കുരുക്കിലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്.

തിരക്കിനിടെ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികള്‍ വന്നിട്ടുണ്ട്. 20,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്ഥലത്തു നടത്തിയ പരിപാടിയില്‍ അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. ഇവിടെ പാര്‍ക്കിങ് സൗകര്യങ്ങളും ഇല്ലായിരുന്നു. സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് പോലും വേദിയില്‍ നിന്ന് ദൂരെ മാറി തിരക്കിനിടയില്‍ നിന്നാണ് പരിപാടിയില്‍ പങ്കെടുക്കാനായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ എആര്‍ റഹ്‌മാനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

പരിപാടിയുടെ സംഘാടകരേയും എആര്‍ റഹ്‌മാനേയും ടാഗ് ചെയ്ത് തിരക്കിന്റെ വീഡിയോ പരിപാടിക്ക് എത്തിയവര്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ ആരാധകരുടെ സ്‌നേഹത്തിനു നന്ദി അറിയിച്ച റഹ്‌മാന്‍ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ടിക്കറ്റിന്റെ കോപ്പി അയച്ചുതരാനും റഹ്‌മാന്‍ ആവശ്യപ്പെട്ടിരുന്നു. ഇനി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ഉറപ്പാക്കുമെന്നും റഹ്‌മാന്‍ അറിയിച്ചിരുന്നു.

Exit mobile version