സ്‌കൂള്‍ ബസ്സില്‍ വെച്ച് 6 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍

വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് പ്രതിയെ പിടികൂടി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 6 വയസ്സുകാരിയെ സ്‌കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് പ്രതിയെ പിടികൂടി.

ആഗസ്റ്റ് 23ന് സ്‌കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ മകളുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നതായി കുട്ടിയുടെ അമ്മ കണ്ടെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് വീട്ടുകര്‍ അന്വേഷിച്ചതോടെയാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മനസ്സിലായത്.

കുട്ടിയാണ് സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥി തന്നെ പീഡിപ്പിച്ചെന്ന് വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 228 എ, പോക്സോ നിയമത്തിലെ 10/21 എന്നിവ പ്രകാരം ബേഗംപൂര്‍ പോലീസ് പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ പിടികൂടിയെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

അതിനിടെ സംഭവത്തിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) രോഹിണി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചു. അതേസമയം, പരാതി പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞതായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.

Exit mobile version