പ്രാർത്ഥന സഫലമാകുന്നു; അപകടത്തിന് ശേഷം ആദ്യമായി ബാറ്റേന്തി ഋഷബ് പന്ത്; ആർപ്പ് വിളിച്ച് ആരാധകർ!

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ഋഷഭ് പന്ത് അപകടത്തിന് ശേഷം തിരിച്ചുവരുന്നതിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്ത. താരം ക്രിക്കറ്റ് പ്രാക്ടീസ് തുടങ്ങുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഋഷഭ് ഫുൾ ബാറ്റ് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അപകടത്തിൽപെടുന്നതിന് മുൻപ് ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പറും ബാറ്ററുമായിരുന്നു ഋഷഭ്.

കഴിഞ്ഞ വർഷം അവസാനമാണ് താരത്തിന് റൂർക്കിയിലേക്ക് പോകുന്നതിനിടെ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. വാഹനം പൂർണമായും കത്തി നശിച്ച അപകടത്തിൽ പന്തിന്റെ തലയ്ക്കും മുതുകിനും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

പരസഹായമില്ലാതെ നടക്കാൻ പോലും സാധിക്കാതിരുന്ന ഘട്ടത്തിൽ നിന്നും പന്ത് ഇപ്പോൾ ക്രിക്കറ്റ് പ്രാക്ടീസിലേക്ക് തിരിച്ചെത്തിയത് ആരാധകർക്ക് അതിയായ സന്തോഷമാണ് സമ്മാനിക്കുന്നത്. ബാറ്റേന്തി ക്രീസിൽ നിൽക്കുന്ന പന്തിന്റെ വീഡിയോ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് സമ്മാനിക്കുന്നത്.

ഡൽഹിയിലെ ഗ്രൗണ്ടിലാണ് ഋഷഭ് പന്ത് ബാറ്റ് ചെയ്യുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുകയാണ്. ആരാധകരുടെ ആർപ്പുവിളിക്കിടയിലൂടെ ഋഷഭ് ക്രീസിലെത്തുന്നത് വിഡിയോയിൽ കാണാം. 2023 ലോകകപ്പിന് ഫിറ്റായിരിക്കില്ലെങ്കിലും, ലോകകപ്പിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് പന്തിന്റെ ആരാധകർ.

Exit mobile version