റെയില്‍വേ സ്റ്റേഷനില്‍ നിന്നും കിട്ടിയത് 1.4 ലക്ഷത്തിന്റെ ഫോണ്‍: ഉടമയെ തിരിച്ചേല്‍പ്പിച്ച് പോര്‍ട്ടറുടെ സത്യസന്ധത, ഫോണിന്റെ ഉടമയെ കണ്ട് ഞെട്ടല്‍

മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ നിന്നും കിട്ടിയ വിലകൂടിയ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി പോര്‍ട്ടര്‍. റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടറായ ദശരഥ് ദോണ്ടയാണ് സത്യസന്ധതയ്ക്ക് കൈയ്യടി നേടുന്നത്. ദാദര്‍ റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടറാണ് ദോണ്ട.

റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവരുടെ ലഗേജുകള്‍ ചുമന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയായിരുന്നു ദശരഥ് ദോണ്ട്. ദാദര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്‌ഫോമിലെ സീറ്റിനടിയിലെ ഒരു ഫോണ്‍ ദശരഥിന്റെ ശ്രദ്ധയില്‍ പെട്ടത്. ഫോണ്‍ കയ്യിലെടുത്ത ദശരഥ് അടുത്തുള്ളവരോടെല്ലാം ചോദിച്ച് ഉടമയെ തേടി. എന്നാല്‍ ഉടമയെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഒടുവില്‍ റെയില്‍വേ പോലീസിനെ സമീപിച്ച് ഫോണ്‍ അവര്‍ക്ക് കൈമാറി. 1.4 ലക്ഷം വില വരുന്ന ഫോണായിരുന്നു അത്. ദിവസം 300- 400 രൂപ മാത്രം കൂലിക്ക് ജോലി ചെയ്യുന്ന ദശരഥിന്റെ സത്യസന്ധതയില്‍ അത്ഭുതപ്പെട്ടത് റെയില്‍വേ പോലീസ് മാത്രമല്ല, മറിച്ച് ഫോണിന്റ ഉടമ കൂടിയായിരുന്നു.

ബോളീവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ വിശ്വസ്ഥനായ മേക്കപ്പ് മാന്‍ ദീപക് സാവന്തിന്റേതായിരുന്നു നഷ്ടപ്പെട്ട ഫോണ്‍. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണിന്റെ ഉടമ അമിതാഭ് ബച്ചന്റെ സഹായി ആണ് എന്ന് കണ്ടെത്തിയത്. ഫോണ്‍ ഉടമസ്ഥന് കൈമാറിയ വിവരം പോലീസ് അറിയിച്ചു. പിന്നാലെ സാവന്ത് ദശരഥിന് നന്ദി അറിയിച്ചു. തന്റെ സന്തോഷത്തിന് ആയിരം രൂപ നല്‍കുകയും ചെയ്തു.

ഫോണ്‍ എത്ര രൂപയുടേതാണെന്നോ ഏതാണെന്നോ ഒന്നും തനിക്കറിയില്ലായിരുന്നു എന്ന് ദശരഥ് പറഞ്ഞു. ദിവസക്കൂലിക്കാരനായ ദശരഥിന് ഇത്രയും വിലയുള്ള ഫോണ്‍ ലഭിച്ചപ്പോഴും തിരിച്ച് നല്‍കാന്‍ കാണിച്ച മനസിനെ അഭിനന്ദിക്കുകയാണ്. ദീപക് സാവന്ത് കഴിഞ്ഞ 50 വര്‍ഷമായി ബിഗ് ബിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയാണ്.

Exit mobile version