ഹോളി ആഘോഷത്തിന്റെ പേരില്‍ വിദേശവനിതയെ കടന്നുപിടിച്ച് അപമാനിച്ചു; വീഡിയോ വൈറല്‍, സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ജപ്പാനില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വനിതയെ ഒരുകൂട്ടം ആളുകള്‍ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ പേരില്‍ വിദേശവനിതയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജപ്പാനില്‍ നിന്നെത്തിയ വനിതയെ ആണ് ഹോളി ആഘോഷത്തിന്റെ പേരില്‍ യുവാക്കള്‍ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തത്. മധ്യ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ വച്ചാണ് സംഭവം.

ജപ്പാനില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വനിതയെ ഒരുകൂട്ടം ആളുകള്‍ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഹോളി ആഘോഷത്തിന്റെ മറവിലായിരുന്നു ഉപദ്രവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ മൂന്നു പേരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണു പോലീസ് നല്‍കുന്ന വിവരം. ഇവര്‍ മൂന്നു പേരും പഹര്‍ഗഞ്ച് പ്രദേശവാസികളാണ്.

ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ കടന്നുപിടിക്കുന്നതും ‘ഹോളി’ എന്നു പറഞ്ഞുകൊണ്ടു ബലമായി പിടിച്ചുവച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും വീഡിയോയില്‍ കാണാം. ഒരു ആണ്‍കുട്ടി യുവതിയുടെ തലയിലേക്കു മുട്ടയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ആള്‍ക്കൂട്ടത്തില്‍നിന്നു രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നതും കാണാം. ആള്‍ക്കൂട്ടത്തില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ യുവതി ഒരാളെ അടിക്കുന്നുമുണ്ട്.

സംഭവം വിവാദമായതിനു പിന്നാലെ, യുവതിയെ കണ്ടുപിടിക്കാന്‍ സഹായം തേടി ഡല്‍ഹി പോലീസ് ജപ്പാന്‍ എംബസിയെ ബന്ധപ്പെട്ടിരുന്നു. അതേസമയം, അപമാനിക്കപ്പെട്ട ജപ്പാന്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മാത്രമല്ല, ഇന്ത്യ വിട്ട ഇവര്‍ നിലവില്‍ ബംഗ്ലദേശിലാണ് ഉള്ളതെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version