കൂട്ടബലാത്സംഗത്തിന് ഇരയായി 16 കാരി; എട്ടു പേർ ചേർന്ന് ഇരയാക്കിയത് തുടർച്ചയായ 12 മണിക്കൂർ!

മുംബൈ: 16കാരിയെ 8 പേർ ചേർന്ന് 12 മണിക്കൂറോളം മൃഗീയമായി പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പാൽഘറിലാണ് അതിദാരുണ സംഭവം നടന്നത്. സംഭവത്തിൽ എട്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണെന്നാണ് പോലീസ് നൽകുന്ന വിവരം.

ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിക്കുകയും അവിടെവച്ച് എട്ടു പേർ പന്ത്രണ്ട് മണിക്കൂറോളം തുടർച്ചയായ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നുമാണ് വിവരം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയെ ബംഗ്ലാവിലെത്തിച്ചത്. തുടർന്ന് ഇയാളും മറ്റ് ഏഴു പേരും അന്ന് രാത്രി മുതൽ ശനിയാഴ്ച രാവിലെ പതിനൊന്നുമണി വരെ മാറി മാറി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ബംഗ്ലാവിൽ വച്ചും പിന്നീട് കടൽതീരത്തിനടുത്തുള്ള കുറ്റിക്കാട്ടിൽവച്ചും തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി എട്ടു പേർക്കെതിരെ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Exit mobile version