48 സീറ്റില്‍ നിന്ന് 134 സീറ്റുകളിലേക്ക്; 15 വര്‍ഷത്തെ ബിജെപി തുടര്‍ഭരണം തൂത്തെറിഞ്ഞ് ആപ്പ് ഡല്‍ഹി പിടിച്ചു; തകര്‍ന്ന് തരിപ്പണമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പതിനഞ്ച് വര്‍ഷത്തെ ബിജെപി തുടര്‍ഭരണത്തിന് അറുതിവരുത്തി ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണത്തിലേക്ക്. 250 വാര്‍ഡുള്ള കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 134 സീറ്റുകള്‍ നേടിയാണ് എഎപി അധികാരം പിടിച്ചത്. ഭരണകക്ഷിയായിരുന്നു ബിജെപിക്ക് 104 സീറ്റുകളില്‍ മാത്രമാണ് ഭരണം നേടാനായത്. അതേസമയം, തകര്‍ച്ചയുടെ അറ്റം കണ്ട കോണ്‍ഗ്രസ് 9 സീറ്റുകളില്‍ ാെതുങ്ങി.

ഇതുവരെ ഔദ്യോഗികമായി അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല. 250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് 126 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017-ല്‍ നടന്ന അവസാന എംസിഡി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 181 വാര്‍ഡുകള്‍ നേടിയാണ് വന്‍ വിജയം കൊയ്തത്. അന്ന് രണ്ടാംസ്ഥാനത്തെത്തിയ ആപ്പിന് 48 വാര്‍ഡും കോണ്‍ഗ്രസിന് 27 വാര്‍ഡും സ്വന്തമാക്കാനായിരുന്നു.

also read- ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി; ആം ആദ്മിയുടെ തേരോട്ടം 100 സീറ്റ് കടന്നു; കോണ്‍ഗ്രസ് ഓഫീസ് അടച്ചിട്ടു

എന്നാല്‍ ഇത്തവണ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തകര്‍ത്ത് ബിജെപിക്ക് 77 സീറ്റുകളോളം നഷ്ടമായിരിക്കുകയാണ്. ആം ആദ്മിക്ക് 86 സീറ്റുകളോളം അധികം ലഭിക്കുകയും ചെയ്തു. 18 സീറ്റുകളോളം കോണ്‍ഗ്രസിന് നഷ്ടമായി. മുഴുവന്‍ വാര്‍ഡുകളിലേക്കുമായി ഇത്തവണ 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്.

ബിജെപിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. മുന്‍പ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മിക്ക് അനുകൂലമായിരുന്നു.

Exit mobile version