ദളിത് വിദ്യാർത്ഥികളെ കൊണ്ട് ശൗചാലയം കഴുകിച്ചു, വീട്ടുകാർ അറിഞ്ഞത് ഡെങ്കിപ്പനി ബാധിച്ച ശേഷം; പരാതിയിൽ പ്രഥമാധ്യാപിക അറസ്റ്റിൽ

ചെന്നൈ: ദളിത് വിദ്യാർത്ഥികളെ കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രഥമാധ്യാപിക അറസ്റ്റിൽ. തമിഴ്‌നാട് ഇറോഡ് ജില്ലയിലെ പാലക്കരൈയിലെ പഞ്ചായത്ത് യൂണിയൻ ഹൈസ്‌കൂൾ പ്രഥമാധ്യാപിക ഗീതാറാണിയാണ് പിടിയിലായത്. പട്ടികജാതിയിൽപ്പെട്ട ആറു വിദ്യാർഥികളെക്കൊണ്ടാണ് പ്രഥമാധ്യാപിക സ്‌കൂളിലെ ശൗചാലയം കഴുകിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ 30- ന് ഗീതാറാണിയെ സസ്പെൻഡ് ചെയ്തു. ഒളിവിൽപ്പോയ ഇവരെ ശനിയാഴ്ചയാണ് പോലീസ് പിടികൂടിയത്. കുട്ടികളിലൊരാളുടെ രക്ഷാകർത്താവായ ജയന്തിയാണ് അധ്യാപികയ്‌ക്കെതിരെ പരാതി നൽകിയത്.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകന് ഡെങ്കിപ്പനി വന്നെന്നും അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഈ വിവരം വെളിപ്പെട്ടതെന്നും ജയന്തി പരാതിയിൽ പറയുന്നു. ശൗചാലയം കഴുകാൻ പോകുന്നതുകൊണ്ടാണ് കൊതുകുകടിയേറ്റതെന്ന് മകൻ പറഞ്ഞതായും ജയന്തി കൂട്ടിച്ചേർത്തു. ബാലാവകാശ നിയമപ്രകാരവും പട്ടിക ജാതിക്കാർക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.

Exit mobile version