ഓവർ ടേക്ക് ചെയ്തതിന് ഉയർന്ന ജാതിക്കാർ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; മനംനൊന്ത് ദളിത് യുവാവ് ജീവനൊടുക്കി, നോവായി ഉദയ് കിരൺ

ബംഗളൂരു: ഓവർ ടേക്ക് ചെയ്തതിന്റെ പേരിൽ ഉയർന്ന ജാതിക്കാർ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതിൽ മനംനൊന്ത് ദളിത് യുവാവ് ജീവനൊടുക്കി. കർണാടകയിലെ കോലാർ സ്വദേശിയായ 22കാരൻ ഉദയ് കിരൺ ആണ് മരിച്ചത്. കോലാർ ജില്ലയിലെ മുൽബാഗൽ ടൗണിലെ ബേവഹള്ളി സ്വദേശിയാണ് ഉദയ് കിരൺ. പട്ടികജാതി വിഭാഗമായ ആദി കർണാടക സമുദായത്തിൽപ്പെട്ടയാളാണ്.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച വൊക്കലിഗ സമുദായക്കാരായ രാജു, ശിവരാജ്, ഗോപാൽ കൃഷ്ണപ്പ, മുനിവെങ്കടപ്പ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവർ നിവലവിൽ ഒളിവിലാണ്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്.

പലചരക്ക് സാധനങ്ങൾ വാങ്ങാനായി, തന്റെ ഗ്രാമത്തിൽനിന്നു മൂന്നു കിലോമീറ്റർ അകലെയുള്ള ബൈരാക്കൂറിലേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു ഉദയ്. ഇതിനിടെ പ്രതികൾ ഓടിച്ച മൂന്ന് മോട്ടോർ സൈക്കിളുകളിൽ ഒന്നിനെ ഉദയ് മറികടന്നതു പ്രതികളെ ചൊടിപ്പിക്കുകയായിരുന്നു. ശേഷം, അവർ ഉദയ്യുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു. മോട്ടോർ സൈക്കിളും മൊബൈൽ ഫോണും പിടിച്ചുവാങ്ങുകയും ചെയ്തു. തിരികെ തരാൻ ആവശ്യപ്പെട്ടുവെങ്കിലും നൽകിയില്ല. തുടർന്ന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം നാഗരാജു പെറ്റണ്ട്ലഹള്ളിയിലെത്തി ഉദയിനെ രാത്രി എട്ടരയോടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. തുടർന്ന് ഉടൻ വരാമെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവ് രാത്രി 10നു ശേഷവും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉദയിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു ഫാം ഹൗസിലെ മരത്തിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം.

Exit mobile version