ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ക്രിസ്മസ് ദിനത്തെ പാകിസ്താന്‍ ഇരുട്ടിലാക്കിയെന്ന് പരാതി; വൈദ്യുതി വിച്ഛേദിച്ചത് മനപൂര്‍വ്വമെന്ന് ഇന്ത്യ; അറിഞ്ഞില്ലെന്ന് പാകിസ്താന്‍

ക്രിസ്മസ് രാത്രിയില്‍ പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ വീടുകളില്‍ വൈദ്യുതി വിച്ഛേദിച്ചെന്ന് പരാതി.

ഇസ്ലാമാബാദ്: ക്രിസ്മസ് രാത്രിയില്‍ പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ വീടുകളില്‍ വൈദ്യുതി വിച്ഛേദിച്ചെന്ന് പരാതി. ഉദ്യോഗസ്ഥരുടെ വസതികളില്‍ നാല് മണിക്കൂറിലേറെ സമയമാണ് വൈദ്യുതി തടസപ്പെട്ടത്. സെക്കന്റ് സെക്രട്ടറിയുടെ വസതിയില്‍ ഉള്‍പ്പെടെ വൈദ്യുതി തടസപ്പെടുത്തിയെന്നും ഇത് മനപൂര്‍വമുള്ള നടപടിയാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പാക് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 25 ന് ഏഴ് മുതല്‍ 10.45 വരെയാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വസതി സ്ഥിതിചെയ്യുന്ന ഇസ്ലാമാബാദിലെ സ്ട്രീറ്റ് 18 ല്‍ വൈദ്യുതി വിഛേദിക്കപ്പെട്ടത്. ഇതോടെ ക്രിസ്മസ് ദിനത്തില്‍ കുടുംബാംഗങ്ങളുമായിപോലും ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്ന് ഹൈക്കമ്മീഷന്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ പാകിസ്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വൈദ്യുതി ഉണ്ടായിരുന്നതായും വൈദ്യുതി ബന്ധം വിഛേദിച്ചത് മനപൂര്‍വ്വമല്ലെന്നുമാണ് വിശദീകരണം.

നേരത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ വസതിയില്‍ പാചകവാതക കണക്ഷന്‍ നല്‍കാന്‍ പാകിസ്താന്‍ തയാറായിരുന്നില്ല. ടെലിഫോണ്‍ കണക്ഷനും നല്‍കിയിരുന്നില്ല. ഫര്‍ണിച്ചറുകള്‍ അതിര്‍ത്തിയില്‍ പിടിച്ചുവെക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഇടപെട്ട ശേഷമാണ് പാചകവാതക കണക്ഷനും ടെലിഫോണ്‍ കണക്ഷനും നല്‍കാന്‍ പാകിസ്താന്‍ തയാറായത്.

Exit mobile version