ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം, ഫേസ്ബുക്കിൽ പരസ്യം; 200 രൂപയുടെ മഹാരാജ ഭോഗ് താലി ഓർഡർ ചെയ്ത യുവതിക്ക് നഷ്ടപ്പെട്ടത് 8 ലക്ഷം രൂപ!

Maharaja Bhog Thali | Bignewslive

മുംബൈ: ഫേസ്ബുക്ക് പരസ്യം വഴി മഹാരാജ ഭോഗ് താലി ഓർഡർ ചെയ്ത യുവതിക്ക് നഷ്ടപ്പെട്ടത് 8.46 ലക്ഷം രൂപ. ഒന്നു വാങ്ങിയാൽ ഒന്നു സൗജന്യം എന്ന ഓഫർ കണ്ട് 200 രൂപയ്ക്ക് ഓർഡർ ചെയ്ത മുംബൈ സ്വദേശിനിക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. ഭക്ഷണത്തിന്റെ വിലയായ 200 രൂപ ഓൺലൈനായി അടയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇത്രയും വലിയ തുക സ്ത്രീക്ക് നഷ്ടമായത്.

പ്ലേറ്റ്‌ലെറ്റിന് പകരം കുത്തിവച്ചത് മുസംബി ജ്യൂസ്: ഡെങ്കിപ്പനി ബാധിച്ച യുവാവിന് ദാരുണാന്ത്യം; യുപിയില്‍ ആശുപത്രി അടച്ചുപൂട്ടി

ഇതിലൂടെ തട്ടിപ്പുകാർ സ്ത്രീയുടെ ബാങ്ക് വിവരങ്ങൾ മോഷ്ടിക്കുകയായിരുന്നു. ബാങ്ക് സമ്പാദ്യവും കുറച്ച് ഷെയറുകളുമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് പരസ്യം ശ്രദ്ധയിൽപ്പെട്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്ത ഇവരോട് മൊബൈൽ നമ്പറും ബാങ്ക് വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടു.

ഉടൻ തന്നെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് മറ്റൊരു ലിങ്കും കൂടി ലഭിച്ചു. അതിൽ ഡെബിറ്റ് കാർഡ് ഉൾപ്പടെയുള്ള ബാങ്ക് വിവരങ്ങൾ ലഭിച്ചു. തട്ടിപ്പുകാർ അവരോട് സോഹോ അസിസ്റ്റ് എന്ന റിമോട്ട് അക്‌സസ്സ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിൽ നിന്ന് ഒരു ഒടിപിയും ലഭിച്ചു.

ഇതോടെ 27 ഇടപാടുകളിൽ നിന്നായി 8.46 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ഇടപാടുകൾ സംബന്ധിച്ചുള്ള മെസേജുകൾ കണ്ടതോടെ ബാങ്കിൽ എത്തി വിവരം അന്വേഷിച്ചു. അന്നു മാത്രം 24 ഇടപാടുകളാണ് നടന്നതെന്ന് കണ്ടെത്തി. പിന്നാലെയാണ് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ, ആൾമാറാട്ടത്തിനും വഞ്ചനയ്ക്കും പോലീസ് കേസെടുത്തു.

Exit mobile version