യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇവര്‍ യാത്രികരല്ല, വിദ്യാര്‍ത്ഥികള്‍! രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് കോച്ചിംഗ് സെന്ററായി റെയില്‍വെ സ്റ്റേഷന്‍!

1200 ഓളം ഉദ്യോഗാര്‍ത്ഥികളാണു ദിവസവും ഈ റെയില്‍വെ സ്റ്റേഷന്‍ പഠനത്തിനായി എത്തുന്നത്.

പാട്‌ന; ബീഹാറിലെ റോത്താസ് ജില്ലയിലുള്ള സാസാറാം ജംഗ്ഷന്‍ റെയില്‍വെ സ്‌റ്റേഷന്‍ ഭയങ്കര തിരക്കാണ്. യാത്രികര്‍ അല്ല എന്നു മാത്രം. പിന്നെ ആര് എന്ന ചോദ്യത്തിന് ഉത്തര മറ്റൊന്നുമല്ല വിദ്യാര്‍ത്ഥികള്‍. രാവിലെയും വൈകുന്നേരവും കൃത്യം രണ്ട് മണിക്കൂര്‍ റെയില്‍വെ കോച്ചിംഗ് സെന്ററായി മാറും. വിവിധ മത്സര പരീക്ഷകള്‍ ജയിച്ചു ജോലിക്കു കയറാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികളാണ് ഇവിടെ പഠനത്തിന് ഒത്ത് കൂടുന്നത്.

1200 ഓളം ഉദ്യോഗാര്‍ത്ഥികളാണു ദിവസവും ഈ റെയില്‍വെ സ്റ്റേഷന്‍ പഠനത്തിനായി എത്തുന്നത്. ക്വിസ് എന്ന പേരിലുള്ള കൂട്ടായ്മയാണു വിവിധ പരീക്ഷകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ ഇവിടെ പരിശീലിപ്പിക്കുന്നത്. ഇവരാരും ശമ്പളം വാങ്ങി ജോലിക്ക് എത്തുന്നവരല്ല. അടുത്തുള്ള സ്ഥാപനങ്ങളിലെ അധ്യാപകരും മുതിര്‍ന്ന ഉദ്യോഗാര്‍ത്ഥികളും സൗജന്യമായിട്ടാണ് ഈ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

2002ലാണ് സാസാറാം ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ ഈ പരീക്ഷാ പരിശീലന കൂട്ടായ്മ ആരംഭിക്കുന്നത്. അന്നു റോത്താസിലെ പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. ദിവസം മുഴുവന്‍ വൈദ്യുതി ലഭിക്കുന്ന ഒരേ ഒരിടമെന്ന നിലയിലാണു വിദ്യാര്‍ത്ഥികള്‍ പുസ്തങ്ങളുമെടുത്തു റെയില്‍വെ സ്റ്റേഷനിലെത്തിയത്. അവര്‍ കൂട്ടം ചേര്‍ന്നു റെയില്‍വെയുടെ വിളക്കു കാലുകള്‍ക്കു ചുവട്ടിലിരുന്നു പഠിച്ചു പലയിടങ്ങളിലും ജോലിക്കു കയറി. വിജയശതമാനം ഉയര്‍ന്നതോടെ പല സ്ഥലങ്ങളില്‍ നിന്നു ഉദ്യോഗാര്‍ഥികള്‍ വരാന്‍ തുടങ്ങി.

ഇന്നിപ്പോള്‍ വൈദ്യുതി പല വീടുകളിലും എത്തിയെങ്കിലും റെയില്‍വേ സ്റ്റേഷന്‍ ഇപ്പോഴും ഇഷ്ട പഠന സ്ഥലമായി തുടരുന്നു. റെയില്‍വേ അധികൃതരും ഉദ്യോഗാര്‍ഥികളുമായി തുടക്കം മുതല്‍ തന്നെ സഹകരിക്കുന്നുണ്ട്. പഠിക്കാനെത്തുന്ന ആരെയും റെയില്‍വെ ശല്യപ്പെടുത്തുകയില്ല. എല്ലാ സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കി കൊടുക്കും.

Exit mobile version