സൗജന്യം വേണ്ട! എനിക്ക് ടിക്കറ്റ് താ, കണ്ടക്ടറോട് വാശി പിടിച്ച് ടിക്കറ്റ് വാങ്ങി അമ്മൂമ്മ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണ്.
എന്നാല്‍ ആ സൗജന്യം വേണ്ടെന്ന് പറഞ്ഞ് ടിക്കറ്റിന് വാശി പിടിക്കുകയാണ് ഒരു വയോധിക. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കോയമ്പത്തൂരില്‍ നിന്നുള്ളതാണ് വീഡിയോ. മധുകരൈയ്ക്കും പാലത്തുറയ്ക്കും ഇടയില്‍ ഓടുന്ന സര്‍ക്കാര്‍ ബസിലാണ് സംഭവം. പ്രായമായ സ്ത്രീ കണ്ടക്ടറുമായി വഴക്കിടുന്നതാണ് ദൃശ്യത്തിലുള്ളത്. കണ്ടക്ടര്‍ പുരുഷന്മാരായ യാത്രക്കാരോട് പണം വാങ്ങി ടിക്കറ്റ് നല്‍കുകയായിരുന്നു.

ഇതിനിടെയാണ് വൃദ്ധ കണ്ടക്ടറുടെ സമീപം ചെന്ന് ടിക്കറ്റ് ആവശ്യപ്പെട്ടത്. ടിക്കറ്റ് എടുക്കേണ്ടതില്ലെന്ന് കണ്ടക്ടര്‍ വൃദ്ധയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ പണം നീട്ടി ടിക്കറ്റ് നല്‍കണമെന്ന് വൃദ്ധ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.

‘എനിക്ക് ഓസിയടിക്കേണ്ട’ എന്നാണ് വൃദ്ധ പറയുന്നത്. ഒടുവില്‍ വേറെ വഴിയില്ലാതെ കണ്ടക്ടര്‍ 15 രൂപ വാങ്ങി വൃദ്ധയ്ക്ക് ടിക്കറ്റ് നല്‍കി. ഒരു യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യയാത്ര. അതാണ് ഡിഎംകെ സര്‍ക്കാര്‍ ഓര്‍ഡിനറി ബസുകളില്‍ യാഥാര്‍ഥ്യമാക്കിയത്.

Exit mobile version