ഹിന്ദുത്വവാദികള്‍ മുസ്ലീങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടി നടത്തിയ ആസൂത്രിത നീക്കമായിരുന്നു ബുലന്ദ്ഷഹര്‍ കലാപം; സായുധ സംഘടനകളെ നിരോധിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

വോട്ടുപിടിക്കാനായി ഹിന്ദുത്വവാദികള്‍ ആസൂത്രണം ചെയ്ത കലാപമാണിതെന്നും സംഘടന വ്യക്തമാക്കി

ബുലന്ദ്ഷഹറില്‍ നടന്ന കലാപം മുസ്ലീം സമുദായത്തെ ഭയപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. സംഭവത്തിന് ശേഷം മുസ്ലീം കുടുംബങ്ങള്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ തയ്യാറാകുന്നില്ല. സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘടന ആവശ്യപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. വോട്ടുപിടിക്കാനായി ഹിന്ദുത്വവാദികള്‍ ആസൂത്രണം ചെയ്ത കലാപമാണിതെന്നും സംഘടന വ്യക്തമാക്കി.

പശുവിനെ ആക്രമിച്ച സംഭവത്തില്‍ പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പ്രതികളാക്കിയതോടെ ബുലന്ദ്ഷഹറിലെ മുസ്ലീം കുടുംബങ്ങള്‍ ഭയന്നാണ് കഴിയുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ സംഘടന പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം എന്‍സിഎച്ച്ആര്‍ഒ യുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകും അഭിഭാഷകരും ഉള്‍പ്പെട്ട സംഘത്തിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹി പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ വെച്ച് പ്രകാശനം ചെയ്തു.

ബജ്റംങ്ദള്‍, ബിജെപി, യുവമോര്‍ച്ച സംഘടനകളിലെ പ്രാദേശിക നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒന്നിച്ചുകൂടിയ സംഘം വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതകത്തിലേക്ക് നയിച്ച കലാപത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ സംരക്ഷണമുണ്ടായിരുന്നുവെന്ന് സംഘത്തിലെ മനോജ് സിങ് പറഞ്ഞു.

ആയുധധാരികളായ എല്ലാ സംഘടനകളെയും അടിയന്തരമായി നിരോധിക്കണമെന്നും പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണം രാജ്യത്തെ ആഭ്യന്തര യുദ്ധം പോലുള്ള അവസ്ഥയിലേക്ക് നയിക്കുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഡിസംബര്‍ 3ന് ബുലന്ദഷഹര്‍ ഗ്രാമത്തില്‍ പശുക്കളുടെ ജഡങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ് ഇന്‍സ്പെക്ടറെ അക്രമികള്‍ പിന്തുടര്‍ന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു. അക്രമത്തില്‍ ഒരു യുവാവും കൊല്ലപ്പെട്ടിരുന്നു.

Exit mobile version