17 വയസുകാരിയുടെ കൊലപാതകം തെളിയിക്കാന്‍ ആള്‍ദൈവത്തിനോട് അപേക്ഷിച്ചു; എഎസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

ഭോപാല്‍: കൊലക്കേസ് തെളിയിക്കാന്‍ ആള്‍ദൈവത്തിന്റെ സഹായം തേടിയ പോലീസുകാരനെതിരെ നടപടി. ഛത്തര്‍പുര്‍ ജില്ലയിലെ ബമിത പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എഎസ്ഐയെ സസ്‌പെന്‍ഡ് ചെയ്തു.

ജൂലൈ 28 ന് കൊല്ലപ്പെട്ട 17 വയസുകാരിയുടെ കൊലയാളിയെ കണ്ടെത്താനായിരുന്നു അശോകിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് അയാള്‍ ആള്‍ദൈവം പന്‍ഡോഖര്‍ സര്‍ക്കാറിന്റെ സഹായം തേടിയത്.

ആള്‍ദൈവത്തിന്റെ കാല്‍ചുവട്ടിലിരുന്ന് എഎസ്ഐ. കേസിന്റെ വിവരങ്ങള്‍ കൈമാറുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. വീടിനു സമീപത്തെ കിണറ്റിലാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികളായ രവി അഹിര്‍വാര്‍, രാകേഷ് അഹിര്‍വാര്‍, അമന്‍ എന്നിവരെയാണു നാട്ടുകാര്‍ സംശയിച്ചത്.

ഇതേത്തുടര്‍ന്നാണ് ആള്‍ദൈവത്തിന്റെ സഹായം എഎസ്ഐ തേടിയത്. പ്രതികളെന്നു സംശയിക്കുന്നവരുടെ പേരുകള്‍ അശോക് വിളിച്ചു പറയുന്നത് വീഡിയോയിലുണ്ട്. എന്നാല്‍, പട്ടികയില്ലാത്ത ആളാണു കൊലപാതകം നടത്തിയതെന്നായിരുന്നു ആള്‍ദൈവത്തിന്റെ കണ്ടെത്തല്‍.

രണ്ട് മിനിറ്റും 50 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യൂണിഫോമിലുള്ള എഎസ്ഐ, ആള്‍ദൈവത്തിന്റെ കാല്‍ചുവട്ടിലിരുന്ന് നൂറു കണക്കിന് ആളുകളെ സാക്ഷിയാക്കി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

Exit mobile version